പിഎസ്ജിയിലും എംഎസ്എൻ ത്രയം? സുവാരസിനെ പിഎസ്ജിക്ക് വേണം.

എഫ്സി ബാഴ്സലോണ സൂപ്പർ താരം ലൂയിസ് സുവാരസ് ഈ സീസണോട് കൂടി ബാഴ്സ ജേഴ്സി അഴിച്ചുവെക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ ദിവസം യൂറോപ്പിലെ പ്രശസ്ത മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത് പ്രകാരം സുവാരസിന് ബാഴ്സ വിടൽ നിർബന്ധമായി കൊണ്ടിരിക്കുകയാണ്. സുവാരസിന് തന്റെ ടീമിൽ സ്ഥാനം നൽകില്ലെന്ന് പരിശീലകൻ കൂമാൻ നേരിട്ട് അറിയിച്ചിരുന്നു. അതിന് മുമ്പ് തന്നെ ക്ലബ് ആവിശ്യപ്പെട്ടാൽ ക്ലബിൽ നിന്നും പുറത്ത് പോവാൻ താൻ ഒരുക്കമാണെന്ന് സുവാരസും അറിയിച്ചിരുന്നു. ഇതോടെ സുവാരസ് ബാഴ്സ വിടേണ്ടി വരുമെന്ന് ഏകദേശം ഉറപ്പായ സ്ഥിതിയാണ്.

ഇപ്പോഴിതാ മറ്റൊരു എംഎസ്എൻ ത്രയത്തെ തങ്ങളുടെ ടീമിൽ ഉണ്ടാക്കിയെടുക്കാനുള്ള നീക്കത്തിലാണ് ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജി. നെയ്മറിന്റെ മുൻ സഹതാരമായ സുവാരസിനെ പിഎസ്ജി നോട്ടമിട്ട് കഴിഞ്ഞു എന്നാണ് സൂചനകൾ. അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ എംബാപ്പെ-സുവാരസ്-നെയ്മർ എന്ന പുതിയ ഒരു എംഎസ്എൻ ത്രയം യൂറോപ്പിൽ പിറന്നേക്കും. സ്പാനിഷ് പബ്ലിക്കേഷൻ ആയ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തറിയിച്ചിരിക്കുന്നത്.

എഡിൻസൺ കവാനി ഒഴിച്ചിട്ട സ്ഥാനത്തേക്ക് ആയിരിക്കും പിഎസ്ജി സുവാരസിനെ പരിഗണിക്കുക. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. സുവാരസിന്റെ മുൻ ക്ലബായ അയാക്സിൽ നിന്നും വന്ന ഓഫർ സുവാരസ് നിരസിച്ചിട്ടുണ്ട്. ബാഴ്സയുടെ വേതനതുകയിൽ കുറവ് വരുത്താൻ വേണ്ടിയാണ് നിലവിൽ സുവാരസിനെ വിൽക്കാൻ ക്ലബ് നിർബന്ധിതരാവുന്നത്. ക്ലബിൽ ഏറ്റവും കൂടുതൽ തുക കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ് സുവാരസ്. നിലവിൽ സുവാരസ് കുടുംബത്തോടൊപ്പം ഹോളിഡേ ചിലവഴിക്കുകയാണ്. വൈകാതെ തന്നെ ക്ലബുകളുമായി ചർച്ചകൾ നടത്തും. 2021 ജൂൺ മുപ്പതിനാണ് താരത്തിന്റെ കരാർ അവസാനിക്കുക, 2014-ൽ ബാഴ്സയിൽ എത്തിയ താരം 283 മത്സരങ്ങൾ ബാഴ്സക്ക് വേണ്ടി കളിച്ചു. ഇതിൽ നിന്ന് 198 ഗോളും 109 അസിസ്റ്റും നേടി.

Rate this post
Fc BarcelonaLuis SuarezNeymar jrPsg