എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസിനോടും ആർതുറോ വിദാലിനോടും തനിച്ച് പരിശീലനം ചെയ്യാൻ ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ ആവിശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇഎസ്പിഎന്നിന്റെ പ്രമുഖജേണലിസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്ന് ഇരുവരും ടീമിനൊപ്പം ചേരാതെ തനിച്ച് പരിശീലനം നടത്തിയതയാണ് വാർത്തകൾ. കൂമാന്റെ കണക്കുക്കൂട്ടലിൽ ഇരുവർക്കും ഇനി ടീമിൽ സ്ഥാനമില്ല എന്നതിനാലാണ് ഇരുവരോടും ടീമിനൊപ്പം പരിശീലനം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ആവിശ്യപ്പെട്ടത്.
കൂമാൻ ചുമതലയേറ്റ ശേഷം ടീമിൽ സ്ഥാനമില്ല എന്നറിയിച്ച താരങ്ങളിൽ പ്രധാനിയായിരുന്നു ഇരുവരും. കൂടാതെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഇവാൻ റാക്കിറ്റിച്ച് തന്റെ മുൻ ക്ലബായ സെവിയ്യയിലേക്ക് മടങ്ങി പോവുകയും ചെയ്തിരുന്നു. സുവാരസ് തുടക്കത്തിൽ ക്ലബ്ബിൽ നിൽക്കാനുള്ള ശ്രമങ്ങൾ ഒക്കെ നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ ക്ലബ് വിടാനുള്ള തീരുമാനത്തിൽ തന്നെയാണ്. ഈ രണ്ട് താരങ്ങൾക്കും ക്ലബ്ബിന്റെ പുറത്തേക്കുള്ള വഴി തുറന്നതിനാൽ ഇനി ക്ലബിനൊപ്പം നിൽക്കേണ്ട ആവിശ്യമില്ല എന്നായിരിക്കും കൂമാന്റെ നിലപാട്.
അതേ സമയം ഇരുവരുടെയും ട്രാൻസ്ഫറുകൾ അടുത്ത ആഴ്ച്ചയിൽ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ. രണ്ട് പേരും സിരി എയിലേക്കാണ് ചേക്കേറുക. സൂപ്പർ താരം ലൂയിസ് സുവാരസ് യുവന്റസിലേക്കാണ് പോവാൻ ഉദ്ദേശിക്കുന്നത്. യുവന്റസുമായി കരാറിൽ എത്തി എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരത്തിന്റെ പാസ്പോർട്ട് പ്രശ്നം പരിഹരിച്ചു എന്നാണ് പുതിയ വാർത്തകൾ. ഇതിനാൽ തന്നെ താരം ഉടനടി ട്യൂറിനിലേക്ക് തിരിക്കും.
എന്നാൽ ആർതുറോ വിദാൽ ഇന്റർമിലാനിലേക്ക് ആയിരിക്കും ചേക്കേറുക. ബാഴ്സയുമായി ഇന്റർ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. താരവും ഇന്ററുമായി പേർസണൽ ടെംസ് ഒക്കെ അംഗീകരിച്ചു കഴിഞ്ഞതായി ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തിരുന്നു. ബാഴ്സ താരത്തെ ഫ്രീ ആയി വിടുവോ എന്ന കാത്തിരിപ്പിലാണ് ഇന്റർമിലാൻ. ഏതായാലും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതും സ്ഥിരീകരിക്കപ്പെടും.