സുവാരസിനെ ബാഴ്സലോണ ഒഴിവാക്കിയ രീതിയെ വിമർശിച്ച മെസിയുടെ വാക്കുകളെ ഏറ്റുപിടിക്കുന്ന പ്രതികരണവുമായി മുൻ അത്ലറ്റികോ മാഡ്രിഡ് താരവും സുവാരസിന്റെ ദേശീയ ടീമിലെ സഹതാരവുമായിരുന്ന ഡീഗോ ഫോർലാൻ. ചരിത്രത്തിൽ നിരവധി താരങ്ങൾക്ക് ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്നും ബാഴ്സക്കു വേണ്ടി ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയതു കൊണ്ട് സുവാരസ് യാതൊരു തരത്തിലും നിരാശനാകേണ്ട കാര്യമില്ലെന്നും ഫോർലാൻ പറഞ്ഞു.
“സുവാരസിനോടു ബാഴ്സ ചെയ്തത് ചരിത്രത്തിൽ നിരവധി താരങ്ങൾക്ക് സംഭവിച്ചിട്ടുണ്ട്. എന്നാൽ ബാഴ്സക്കു വേണ്ടി എല്ലാം നൽകിയാണ് സുവാരസ് പടിയിറങ്ങുന്നതെന്നു കൊണ്ട് അദ്ദേഹം നിരാശനാകേണ്ട കാര്യമില്ല.” റേഡിയോ മാർക്കയോട് ഫോർലാൻ പറഞ്ഞു.
“അത്ലറ്റികോയുമായി സുവാരസ് ഇണങ്ങിച്ചേർന്ന് ഒരു കുടുംബം പോലെയാവും. ലാലിഗയിൽ ടീമിനെ ഉയരങ്ങളിലെത്തിക്കാൻ അദ്ദേഹത്തിനു കഴിയട്ടെ. ഫെലിക്സ്, കോസ്റ്റ, സുവാരസ് ത്രയമാകും ഇനി തിളങ്ങാൻ പോകുന്നത്.” ഫോർലാൻ പറഞ്ഞു.
സുവാരസിനെ പോലൊരു ഇതിഹാസം ഈ രീതിയിലൊരു വിടവാങ്ങൽ അല്ല അർഹിക്കുന്നതെന്ന് മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഡാനി ആൽവസ്, നെയ്മർ എന്നിങ്ങനെ നിരവധി താരങ്ങൾ മെസിക്കു പിന്തുണയുമായി ക്ലബിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു.