എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലൂയിസ് സുവാരസ് ഈ വരുന്ന സീസണിലേക്ക് ബാഴ്‌സ വേണ്ടാത്ത താരങ്ങളിൽ ഒരാളാണ്. തുടക്കത്തിൽ താരത്തോട് ക്ലബ് വിടാൻ ബാഴ്സ കല്പിച്ചിരുന്നുവെങ്കിലും പിന്നീട് ബാഴ്സയും പരിശീലകൻ റൊണാൾഡ് കൂമാനും നിലപാടുകൾ മാറ്റാനുള്ള ഒരുക്കത്തിലാണ്. സുവാരസ് ബാഴ്‌സയിൽ തുടരാൻ തീരുമാനിച്ചാൽ അദ്ദേഹത്തെ ഉപയോഗിക്കാൻ താൻ ശ്രമിക്കുമെന്നും അദ്ദേഹവും ടീമിന്റെ ഭാഗമായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം കൂമാൻ അറിയിച്ചത്.
കൂടാതെ സുവാരസിന്റെ യുവന്റസിലേക്കുള്ള പോക്ക് താറുമാറാവുകയും ചെയ്തിരുന്നു. ഇറ്റാലിയൻ പാസ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് താരത്തിന് തടസമായി നിന്നത്. ഇതോടെ യുവന്റസിലേക്കുള്ള നീക്കം സുവാരസ് ഉപേക്ഷിച്ചിരുന്നു. ഇപ്പോഴിതാ സൂപ്പർ താരം ലയണൽ മെസ്സി താരത്തിന്റെ കാര്യത്തിൽ ഇടപ്പെട്ടിരിക്കുകയാണ്. സുവാരസിനെ ബാഴ്‌സയിൽ തുടരാൻ മെസ്സി പ്രേരിപ്പിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. സ്പാനിഷ് മാധ്യമമായ എഎസ് ആണ് ഈ വാർത്തയുടെ ഉറവിടം.
മെസ്സിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സുവാരസ്.ക്ലബ് സുവാരസിനോട് പെരുമാറിയ രീതി മെസ്സിയെ ചൊടിപ്പിച്ചിരുന്നു. യുവന്റസിലേക്കുള്ള നീക്കം ഉപേക്ഷിച്ചതോടെ അത്ലറ്റിക്കോ മാഡ്രിഡ്, പിഎസ്ജി എന്നിവരാണ് താരത്തിന്റെ പിന്നാലെയുള്ളത്. പക്ഷെ മെസ്സിയുടെ താല്പര്യം സുവാരസ് ഈ സീസണിൽ കൂടി ബാഴ്സയിൽ തുടരണമെന്നാണ്. മെസ്സിയും ഈ സീസൺ കൂടിയാണ് ബാഴ്സയിൽ തുടരാൻ തീരുമാനിച്ചിട്ടുള്ളത്. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ മെസ്സി ആരംഭിച്ചിട്ടുള്ളത്. സുവാരസിനെ പറഞ്ഞു ബോധ്യപ്പെടുത്തി, ബാഴ്സയിൽ തുടരാൻ മെസ്സി പ്രേരിപ്പിച്ചേക്കും.
ഈ കഴിഞ്ഞ സീസണിൽ 21 ഗോളുകൾ സുവാരസ് അടിച്ചിരുന്നു. ഇഞ്ചുറി മാറ്റിനിർത്തിയാൽ ഭേദപ്പെട്ട പ്രകടനം തന്നെയാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ലൗറ്ററോ മാർട്ടിനെസിനെയും മെംഫിസ് ഡീപെയെയും ലഭ്യമാവാത്ത ഈ സാഹചര്യത്തിൽ സുവാരസിനെ നിലനിർത്തുക എന്നതാണ് ബാഴ്സക്ക് മുന്നിലുള്ള വഴി. 2014-ൽ ലിവർപൂളിൽ നിന്നും എത്തിയ സുവാരസ് 283 മത്സരങ്ങളിൽ നിന്ന് 197 ഗോളുകൾ ബാഴ്സക്കായി നേടിയിട്ടുണ്ട്.