കഴിഞ്ഞ 17 വർഷമായി ഇന്ത്യൻ ജേഴ്സിയണിയുന്ന സുനിൽ ഛേത്രിയെ 100 ഗോളുകൾ നേടുന്നത് വരെ വെറുതെ വിടില്ലെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാക്. ഇന്ത്യൻ ക്യാപ്റ്റന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യൻ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് ശ്രമിച്ചു. ഛേത്രി 100 അന്താരാഷ്ട്ര ഗോളുകൾ കുറഞ്ഞത് നേടണമെന്നും ഇന്ന് ഹോങ്കോങിനെതിരെയുള്ള മത്സരത്തിന് മുമ്പുള്ള മാധ്യമ സമ്മേളനത്തിൽ സ്റ്റിമാക് പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോ (117), ഇറാന്റെ അലി ദേയ് (109) എന്നിവർ മാത്രമാണ് ഫുട്ബോൾ ചരിത്രത്തിൽ 100 ഗോൾ മാർക്ക് കടന്നിട്ടുള്ളത്. നിലവിൽ 128 മത്സരങ്ങളിൽ നിന്നും 83 ഗോളുമായി സുനിൽ ഛേത്രി ഓൾ ടൈം സ്കോറർമാരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്. ലയണൽ മെസ്സിയെക്കാൾ മൂന്നു ഗോളും ഇതിഹാസ താരം ഫെറൻക് പുഷ്കാസിന് ഒരു ഗോളും പിറകിലാണ് ഛേത്രിയുടെ സ്ഥാനം. ഇന്നത്തെ മത്സരത്തിൽ ഹാട്രിക്ക് നേടിയാൽ ഛേത്രിക്ക് മെസ്സിക്കൊപ്പം എത്താൻ സാധിക്കും.ആദ്യ ആറുപേരിൽ ഛേത്രിയും റൊണാൾഡോയും മെസ്സിയും മാത്രമാണ് ഇപ്പോഴും കളിക്കുന്നത്.
തന്റെ നാൽപ്പതുകളിൽ ലോകകപ്പ് ഫൈനലിൽ റോജർ മില്ല സ്കോർ ചെയ്തതിനെ സ്റ്റിമാക് പരാമർശിച്ചു. കാമറൂൺ ഇതിഹാസം 42- ആം വയസ്സിൽ അന്താരാഷ്ര മത്സരത്തിൽ ഗോൾ നേടിയിരുന്നു. ലോകകപ്പിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ കൂടിയാണ് കാമറൂണിയൻ. സുനിൽ ഛേത്രിക്ക് അത് ചെയ്യാൻ കഴിയുമെന്ന തോന്നൽ എനിക്കുണ്ടെന്നും സ്ടിമാക്ക് പറഞ്ഞു.” ഛേത്രിക്ക് അത്രയും ദൂരം പോകാനുള്ള ഫിറ്റ്നസ്സും ശരീരവും പ്രതിബദ്ധതയും കുടുംബ പിന്തുണയും ഉണ്ട് ,അത്കൊണ്ട് തന്നെ അദ്ദേഹത്തെ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചോദിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്” പരിശീലകൻ പറഞ്ഞു. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് ഛേത്രിയുടെ പേരിലുള്ളത്.
2004 മാർച്ച് 30ന് ഇന്ത്യക്കായി അണ്ടർ 20 ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഛേത്രി തൊട്ടടുത്ത വർഷം 2005 ജൂൺ മാസം 12 ന് പാകിസ്ഥാന് എതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. അന്ന് തന്നെ തന്റെ ആദ്യ ഗോൾ നേടാനും ഛേത്രിക്ക് കഴിഞ്ഞു. അന്ന് തുടങ്ങിയതാണ് വിസ്മയങ്ങൾ തീർക്കുന്ന ഛേത്രിയുടെ കുതിപ്പ്.2007, 2009, 2012 വർഷങ്ങളിൽ നെഹ്റു കപ്പ് ഫുട്ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 -ലെ എഎഫ്സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി.
Did you miss watching this goal by our #BlueTigers 🐯 captain @chetrisunil11 ?
— Indian Football Team (@IndianFootball) June 13, 2022
Watch it again! 🙌🏼🙌🏼#ACQ2023 🏆 #BackTheBlue 💙 #IndianFootball ⚽ pic.twitter.com/n5iqwxhIxn
ഏഷ്യൻ കപ്പ് യോഗ്യത റൗണ്ട് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും. ആദ്യ മത്സരത്തിൽ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ അഫ്ഗാനെയും തോൽപ്പിച്ചു. രണ്ട് മത്സരങ്ങളിൽ രണ്ട് വിജയവുമായി ഹോങ്കോങ് ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്. മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ആണ് ഹോങ്കോങിനെ ഒന്നാമത് നിർത്തുന്നത്. ഹോങ്കോംഗ് മത്സരത്തിന് മുന്നേ തന്നെ ഇന്ത്യ ഏഷ്യൻ കപ്പ് ബർത്ത് ഉറപ്പിച്ചിരിക്കുകയാണ്. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ ക്വാളിഫയറിന്റെ അവസാന റൗണ്ടിൽ ഗ്രൂപ്പ് ജേതാക്കളും അഞ്ച് മികച്ച രണ്ടാമത്തെ ടീമുകളുമാണ് 24 ടീമുകളുള്ള ഏഷ്യൻ കപ്പ് ഫൈനലിലെത്തുന്നത്.