37 ആം വയസ്സിൽ ഗോളടിച്ചു കൂട്ടുന്ന ക്രിസ്റ്റ്യാനോ റൊണാഡോയെക്കുറിച്ചും , 40 ആം വയസ്സിൽ ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ കളിക്കുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെയും കുറിച്ച് നമ്മൾ ധാരാളം സംസാരിക്കാറുണ്ട്. എന്നാൽ 37 വയസ്സിൽ ഇന്ത്യൻ ഫുട്ബോളിനെ തോളിലേറ്റി നടക്കുന്ന സുനിൽ ഛേത്രിയുടെ ഗോളുകളെക്കുറിച്ചും,ഫിറ്റ്നസ്സിനെക്കുറിച്ചും, ആത്മസമർപ്പണത്തെക്കുറിച്ചും നാം എത്ര ചർച്ച ചെയ്തിട്ടുണ്ടാവും.
ലോക ഫുട്ബോളിന് മുന്നിൽ ഇന്ത്യ എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ വരുന്ന പേര് ഇന്ത്യൻ നായകന്റേത് തന്നെയാണ് .ഗോളുകളുടെ എണ്ണത്തിൽ ഛേത്രി മത്സരിക്കുന്നതാവട്ടെ റൊണാൾഡോയോടും മെസ്സിയോടുമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് ഛേത്രിക്ക് കൂടി അവകാശപ്പെട്ടതാണ്. ഇന്നലെ കൊൽക്കത്തയിൽ അവസാനിച്ച ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടങ്ങളിൽ ഇന്ത്യ നേടിയ മൂന്നു വിജയങ്ങളിലും ഛേത്രി നിർണായകമാവുകയും ചെയ്തു.
ഇന്നലെ ഹോങ്കോങിനെതിരെ നേടിയ ഗോളോടെ അന്താരാഷ്ട്ര ഫുട്ബോളിൽ സുനിൽ ഛേത്രി 84 ഗോളിൽ എത്തി. ഹംഗറി ഫുട്ബോൾ ഇതിഹാസം പുസ്കസിന്റെ അന്താരാഷ്ട്ര ഗോൾ നമ്പറുകൾക്ക് ഒപ്പം ഇതോടെ ഛേത്രി എത്തി.ഛേത്രി 129 മത്സരങ്ങളിൽ നിന്നാണ് 84 ഗോളുകൾ നേടിയത്. പുസ്കസ് ആവട്ടെ 85 മത്സരങ്ങളിൽ നിന്നായിരുന്നു 84 ഗോളുകൾ നേടിയത്. ഇനി നാലു താരങ്ങൾ മാത്രമേ ഛേത്രിക്ക് മുന്നിൽ ഉള്ളൂ. 86 ഗോളുകൾ നേടിയ ലയണൽ മെസ്സി, 89 ഗോളുകൾ നേടിയ മൊക്തർ ദഹാരി, 109 ഗോളുകൾ നേടിയ അലി ദേ, പിന്നെ 117 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഛേത്രിക്ക് മുന്നിൽ ഉള്ളത്.
Sunil Chhetri has equalled the great Ferenc Puskas with 84 goals for his country 🇮🇳🤯#IndianFootball #BackTheBlue #ACQ2023 pic.twitter.com/enWYF9sSvD
— GOAL India (@Goal_India) June 14, 2022
അന്താരാഷ്ട്ര തലത്തിൽ സജീവ ഗോൾ സ്കോറർമാരിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ നിൽക്കുന്നത്.2004 മാർച്ച് 30ന് ഇന്ത്യക്കായി അണ്ടർ 20 ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഛേത്രി തൊട്ടടുത്ത വർഷം 2005 ജൂൺ മാസം 12 ന് പാകിസ്ഥാന് എതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. അന്ന് തന്നെ തന്റെ ആദ്യ ഗോൾ നേടാനും ഛേത്രിക്ക് കഴിഞ്ഞു. അന്ന് തുടങ്ങിയതാണ് വിസ്മയങ്ങൾ തീർക്കുന്ന ഛേത്രിയുടെ കുതിപ്പ്.2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
ഡെംപോ, ചർച്ചിൽ ബ്രദേഴ്‌സ്, ബെംഗളൂരു എഫ്‌സി എന്നിവയ്‌ക്കൊപ്പം 4 ഐ-ലീഗ് കിരീടങ്ങൾ ഛേത്രി നേടിയിട്ടുണ്ട്. ബെംഗളൂരു എഫ്‌സിക്കൊപ്പം 2 ഫെഡറേഷൻസ് കപ്പും 1 സൂപ്പർ കപ്പ് കിരീടവും നേടി . സുനിൽ ഛേത്രി ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയിട്ടുണ്ട്. എഐഎഫ്എഫ് അവാർഡ് 1992 ൽ ആആരംഭിച്ചതിന് ന് ശേഷം അദ്ദേഹം ഏറ്റവും കൂടുതൽ തവണ അവാർഡ് നേടിയത് 37 കാരനാണ് . 2011-ൽ അർജുന അവാർഡും 2019-ൽ പദ്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു. 2021-ൽ സുനിൽ ചേത്രിക്ക് രാജ്യം ഖേൽരത്‌ന നൽകി ആദരിച്ചു.