ഒരു ദശാബ്ദത്തോളമായി ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകളെ അമ്പരപ്പിച്ച സുനിൽ ഛേത്രി കഴിഞ്ഞ ദിവസം ദേശീയ ടീമിൽ നിന്നും വിരമിച്ചിരുന്നു.ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വരാനിരിക്കുന്ന യൂറോ 2024 ലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ്.“ജർമ്മനി, സ്പെയിൻ, ഇറ്റലി എന്നിവർ ശക്തരാണ് . കഴിഞ്ഞ ആറോ ഏഴോ വർഷങ്ങൾ അവരുടെ പൈതൃകം പോലെ മഹത്തരമായിരുന്നില്ല. കഴിഞ്ഞ 6 മുതൽ 8 വർഷമായി ഫ്രാൻസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എന്നാൽ ഇത്തവണ ഞാൻ ഇംഗ്ലണ്ടിനൊപ്പം പോവും.
അവർ ടൂർണമെൻ്റ് വിജയിക്കുമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ അവർ എൻ്റെ പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ അഞ്ചോ ആറോ വർഷത്തെ എല്ലാ അനുഭവങ്ങളും, യുവ താരങ്ങളും ചേരുമ്പോൾ അവർ മികച്ച ടീമായി മാറും” സുനിൽ ഛേത്രി പറഞ്ഞു.കഴിഞ്ഞ കുറച്ച് ടൂർണമെൻ്റുകളിൽ ഇംഗ്ലണ്ട് അവസാന കടമ്പയിൽ പരാജയപ്പെടുകയായിരുന്നു, ഇത്തവണ മറ്റൊരു പടി കൂടി മുന്നോട്ട് പോകാനുള്ള കഴിവ് അവരിലുണ്ട് എന്നും ഛേത്രി കൂട്ടിച്ചേർത്തു.
“അവസാന യൂറോയിൽ അവർ പരാജയപെട്ടു.ലോകകപ്പിൽ അവർ മികച്ച പ്രകടനമാണ് നടത്തിയത്.നോക്കൗട്ട് മത്സരങ്ങളിൽ കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകാം. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കാം.പൊതുവേ, ഗ്രൂപ്പ് ഘട്ടങ്ങളിൽ നിന്ന്, എല്ലാ ഡിപ്പാർട്ട്മെൻ്റുകളിലും ക്രമീകരിച്ചിട്ടുള്ളതും മികച്ച റണ്ണിലുള്ളതും ഫോമിലുള്ളതുമായ ഒരു ടീമിനെയാണ് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് ഞാൻ ഇംഗ്ലണ്ടിനെ തിരഞ്ഞെടുത്തത്, ”അദ്ദേഹം പറഞ്ഞു.2024 യൂറോയിൽ ഗോൾഡൻ ബൂട്ട് ഹരി കെയ്ൻ നേടുമെന്നും ഛേത്രി പറഞ്ഞു.
“ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ഫോമിലുള്ളവരും മുമ്പ് വലിയ ടൂർണമെൻ്റുകൾ കളിച്ചിട്ടുള്ളവരും [യൂറോ 2024-ൽ] കൂടുതൽ മത്സരങ്ങൾ കളിക്കാൻ അവസരമുള്ളവരുമായ സ്ട്രൈക്കർമാരെ തെരഞ്ഞെടുക്കണം.ഞാൻ ഹാരി കെയ്നെ തിരഞ്ഞെടുക്കും, വിജയിക്കാൻ കഴിയുന്ന മറ്റൊരു കളിക്കാരൻ കൈലിയൻ എംബാപ്പെയാണ്, കാരണം അദ്ദേഹം കൂടുതൽ ഗെയിമുകൾ കളിക്കാനുള്ള അവസരമുണ്ട്, ”അദ്ദേഹം പറഞ്ഞു.പോർച്ചുഗലിനായി തൻ്റെ അവസാന അന്താരാഷ്ട്ര ടൂർണമെൻ്റ് കളിക്കുന്ന റൊണാൾഡോയെക്കുറിച്ചും ഛേത്രി സംസാരിച്ചു.“ഇത് ഒരുപക്ഷേ അദ്ദേഹത്തിൻ്റെ അവസാന ടൂർണമെൻ്റായിരിക്കുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.