ജീക്സൺ സിംഗ് : ❝ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡിലെ സൂപ്പർ എഞ്ചിൻ ❞

പഞ്ചാബിലെ വളരെ പ്രശസ്തമായ അക്കാഡമികളിൽ ഒന്നായ ചണ്ഡീഗഢ് ഫുട്ബോൾ ക്യാമ്പിലെ ട്രെയിനിങ് കാലത്തും ആ ചെറുപ്പക്കാരന്റെ മനസ്സ് മുഴുവൻ തന്റെ വീട്ടിലായിരുന്നു. കിലോമീറ്ററുകൾ നടന്ന് പച്ചക്കറികൾ വിറ്റ് തനിക്ക് ഫുട്‍ബോളിൽ നല്ല ഒരു ഭാവി ഉണ്ടാകുവാൻ കഷ്ടപ്പെടുന്ന പാവം അമ്മ ,മകൻ ലോകം അറിയപ്പെടുന്ന ഫുട്‍ബോൾ താരമാകുന്നത് സ്വപ്നം കണ്ടിരിക്കുന്ന അച്ഛൻ . ബന്ധുവായ അമർജിത്തുമൊത്ത് കുട്ടിക്കാലം മുതൽ ഫുട്ബോൾ പരിശീലനം ആരംഭിച്ച ഇരുവർക്കും കാൽപന്ത് കളിയുടെ അടിസ്ഥാന പാഠം പറഞ്ഞു കൊടുത്ത അച്ഛന് നന്ദി പറഞ്ഞാണ് ഓരോ ദിവസവും അക്കാദമയിൽ അവൻ പരിശീലനം ആരംഭിച്ചത് .

തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ആ മാതാപിതാക്കന്മാർക്ക് വേണ്ടി ഇന്ത്യൻ ടീം എന്ന ലക്ഷ്യം നേടാൻ അവൻ കഠിനമായി അദ്ധ്വാനിച്ചു .ഒടുവിൽ ചണ്ഡീഗഢ് ഫുട്ബാൾ അക്കാഡമിക്ക് മാത്രമല്ല ലോകത്തിന് മുന്നിൽ ഒരു രാജ്യത്തിന്റെ അഭിമാനം ഉയർത്തി 2017 ഒക്ടോബർ 9 ന് ഫിഫ ലോകകപ്പ് ചരിത്രത്തിലെ രാജ്യത്തിന്റെ ആദ്യ ഗോൾ നേടിയ താരത്തെ രാജ്യം ഒരിക്കലും മറക്കില്ല അതെ- ജീക്സൺ സിംഗ് തനോജം

ഗോളടിക്കുന്നവർ വാഴ്ത്തപ്പെടുമ്പോൾ, ആരവങ്ങൾക്കിടയിൽ തിരിച്ചറിയപ്പെടാതെ പോകുന്ന മുഖങ്ങളുണ്ട്. ആക്രമണങ്ങൾക്കു ദിശ നൽകിയും പ്രതിരോധത്തിൽ വിയർപ്പൊഴുക്കിയും വിജയത്തിന് വഴിയൊരുക്കുന്ന വീരന്മാരായ ഡിഫെൻസിവ് മിഡ്‌ഫീൽഡറുമാർ .ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വപ്ന കുതിപ്പ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലും അത്തരത്തിൽ ഒരു എഞ്ചിനാണ് ജീക്സൺ .

എതിരാളികളെ ‍ഞൊടിയിടയിൽ തടയാനും പന്തു പിടിച്ചെടുക്കാനും അസാമാന്യമായ കഴിവുള്ള താരം ടീമിനായി നടത്തുന്ന പോരാട്ടങ്ങളാണ് പ്രതിരോധ നിരയുടെ ജോലി എളുപ്പമാക്കുന്നത് എന്ന് പറയാം. വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ തൻ്റെ ജോലി കൃത്യമായി ചെയ്ത് ഒരു ചെറുപുഞ്ചിരിയോടെ ഗ്രൗണ്ടിൽ കാണപ്പെടുന്ന താരം ഇന്ത്യൻ മധ്യനിരയുടെ ഭാവിയായി വിലയിരുത്തപ്പെടുന്നു. ഒരു സുപ്രഭാതത്തിൽ വന്ന് ചേർന്ന സൗഭാഗ്യങ്ങൾ അല്ല ഇതൊന്നും എന്ന് താരത്തിന് നന്നായി അറിയാം

ചണ്ഡീഗഢ് ഫുട്ബോൾ അക്കാഡമിയിലെ 5 വർഷത്തെ പരിശീലനത്തിന് ശേഷം പരിശീലകരുടെ തന്നെ നിർബന്ധപ്രകാരം മിനർവ പഞ്ചാബിലേക്ക് കൂടുമാറി ജീക്സൺ . ആയിടെ നടക്കാനിരുന്ന അണ്ടർ 17 ലോകകകപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീം ഒരുക്കത്തിലായിരുന്നു. തന്റെ കുട്ടികൾക്ക് പരിശീലിക്കാൻ മിനർവ ടീമിനെയാണ് പരിശീലകൻ മറ്റോസ് എതിരാളികളായി കണ്ടത്.ഇന്ത്യൻ ടീമിനെ ഞെട്ടിച്ചുകൊണ്ട് മിനർവ ജയിച്ച മത്സരത്തിൽ മറ്റോസ് ശ്രദ്ധിച്ചത് തങ്ങളുടെ ആക്രമങ്ങൾ തകർത്ത ജീക്സൺ സിങിനെയാണ്.

ഇന്ത്യൻ ടീമിൽ ജീക്സൺ അടക്കം മിനർവ ടീമിന്റെ 3 താരങ്ങൾക്കാണ് ഇടം കിട്ടിയത് . പ്രതീക്ഷികളുടെ അമിതഭാരം ഒന്നുമില്ലാതെ ലോകകപ്പിന് ഇറങ്ങിയ ഇന്ത്യ ആകെ നേടിയത് ഒരു ഗോളാണ്,വഴങ്ങിയ 9 ഗോളുകളുടെ വിഷമം തീർക്കുന്ന പൊന്നും വിലയുള്ള ഗോൾ കോർണറിന് തലവച്ച് നേടുമ്പോൾ അത് തന്റെ ജീവിതം മാറ്റുമെന്ന് താരം ചിന്തിച്ച് കാണില്ല .അതിന് ശേഷം ഓൾ ഇന്ത്യ ഫെഡറേഷന്റെ നേതൃത്ത്വത്തിൽ ഉള്ള ഇന്ത്യൻ ആരോസ് ടീമിനായി (അണ്ടർ 20 താരങ്ങളുടെ ടീം) കളിച്ച ജീക്സൺ മികവ് തുടർന്നു

പിന്നീട് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം ഗോൾ അടിച്ചും ,അടിപ്പിച്ചും, എതിരാളികളെ തടഞ്ഞും,തന്റെ ഓൾ റൗണ്ട് മികവ് തുടർന്നു . ആരും വിചാരിക്കാത്ത രീതിയിൽ ഈ സീസണിൽ കുതിപ്പ് തുടരുന്ന ബ്ലാസ്റ്റേഴ്‌സ് നിരക്ക് കരുത്ത് പകർന്നുകൊണ്ട് എതിർ മുന്നേറ്റ നിരക്ക് തലവേദനായി ജീക്സൺ നിൽക്കുമ്പോൾ രാജ്യം അയാളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു…

Rate this post