ലീഗ് വണ്ണിൽ മാഴ്സെക്കെതിരെയുള്ള മത്സരത്തിന് ശേഷം പിഎസ്ജി പരിശീലകൻ തോമസ് ടുഷേൽ പുതിയ താരങ്ങളെ ക്ലബ്ബിൽ എത്തിക്കേണ്ട ആവിശ്യകതയെ പറ്റി സൂചിപ്പിച്ചിരുന്നു. ക്ലബ് വിട്ട തിയാഗോ സിൽവ, എഡിൻസൺ കവാനി എന്നീ സൂപ്പർ താരങ്ങൾക്ക് പകരമായി പുതിയ താരങ്ങളെ എത്തിക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവിശ്യം. ഈ ട്രാൻസ്ഫർ വിൻഡോയിൽ വലിയൊരു നീക്കങ്ങൾ നടത്താത്ത ടീമായിരുന്നു പിഎസ്ജി. ഇപ്പോഴിതാ ഒരു സൂപ്പർ താരത്തെ ക്ലബ്ബിൽ എത്തിക്കാനുള്ള നീക്കങ്ങൾ പിഎസ്ജി ആരംഭിച്ചു കഴിഞ്ഞു.
ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് മധ്യനിര താരം ഡെലെ അലിയെയാണ് പിഎസ്ജി നോട്ടമിട്ടിരിക്കുന്നത്. പ്രമുഖമാധ്യമമായ ദി ടെലെഗ്രാഫ് ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഇരുപത്തിനാലുവയസ്സുകാരനായ താരത്തിന് ഈ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി ഓഫറുകൾ ലഭിച്ചിരുന്നു. പ്രത്യേകിച്ച് ഗാരെത് ബെയ്ൽ, സെർജിയോ റെഗിലോൺ എന്നിവരുടെ ട്രാൻസ്ഫറിൽ താരത്തെ ഉൾപ്പെടുത്താൻ ടോട്ടൻഹാം ആലോചിരുന്നു. എന്നാൽ ഇക്കാര്യം റയൽ മാഡ്രിഡ് തന്നെ നിരസിക്കുകയായിരുന്നു. തുടർന്നാണ് പിഎസ്ജി നീക്കങ്ങൾ ആരംഭിച്ചത്.
ടോട്ടൻഹാമിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങൾക്കുള്ള സ്ക്വാഡിലും ഇടം നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. സതാംപ്റ്റണെതിരായ സ്‌ക്വാഡിൽ നിന്നും തഴഞ്ഞതിനുള്ള കാരണവും പരിശീലകൻ ഹോസെ മൊറീഞ്ഞോ വെളിപ്പെടുത്തിയിരുന്നു. പരിക്കല്ല, മറിച്ച് ടീമിലെ താരബാഹുല്യമാണ് താരത്തെ ഒഴിവാക്കാൻ കാരണമെന്നാണ് മൊറീഞ്ഞോ അറിയിച്ചത്. ഇതോടെ ടോട്ടൻഹാമിൽ താരം ആശംതൃപ്തനാവുകയും ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു.
തന്റെ ആദ്യത്തെ പ്രീമിയർ ലീഗ് സീസണിൽ പത്തും രണ്ടാമത്തേതിൽ പതിനെട്ടും ഗോളുകൾ നേടിയ താരമായിരുന്നു അലി. എന്നാൽ പോച്ചെട്ടിനോ പോയതോടെ താരത്തിന്റെ കഷ്ടകാലവും തുടങ്ങി. കഴിഞ്ഞ സീസണിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇതോടെ ക്ലബ് വിടാൻ താരം ആലോചിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ പിഎസ്ജി ടോട്ടൻഹാമിനെ സമീപിച്ചേക്കും.