ബയേണിന്റെ സൂപ്പർ താരം ഡേവിഡ് അലാബ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ് എന്ന് വ്യക്തമാവുന്നു. കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്ക് പുതുതായി മുന്നോട്ട് വെച്ച ഓഫർ താരം നിരസിച്ചതിലൂടെയാണ് താരം ബയേണിന് പുറത്തേക്ക് പോവാൻ ആഗ്രഹിക്കുന്നുണ്ട് തെളിഞ്ഞത്. അടുത്ത ജൂണോടെ താരത്തിന്റെ ബയേണിൽ ഉള്ള കരാർ അവസാനിക്കും. ഇത് പുതുക്കാനുള്ള ശ്രമത്തിലാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ.
പുതുതായി പതിനൊന്ന് മില്യൺ യൂറോയായിരുന്നു താരത്തിന് വാർഷികവേതനമായി ബയേൺ ഓഫർ ചെയ്തത്. എന്നാൽ താരം ഈ ഓഫർ നിരസിച്ചതായി ജർമ്മൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ യൂറോപ്പിലെ മൂന്ന് വമ്പൻ ക്ലബുകളുടെ നോട്ടപ്പുള്ളിയാണ് ഈ പ്രതിരോധനിര താരം. സ്പാനിഷ് വൈരികളായ റയൽ മാഡ്രിഡ്, എഫ്സി ബാഴ്സലോണ, ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് എന്നിവരാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ച പ്രധാനികൾ.
റയൽ മാഡ്രിഡ് തങ്ങളുടെ സൂപ്പർ താരം മാഴ്സെലോയുടെ സ്ഥാനത്തേക്കാണ് അലാബയെ പരിഗണിക്കുന്നത്. മാഴ്സെലോ ഇനി അധികകാലമൊന്നും റയലിൽ കാണില്ല. എന്നാൽ ബാഴ്സയാവട്ടെ ജൂനിയർ ഫിർപ്പോയുടെ സ്ഥാനത്തേക്കാണ് അലാബയെ നോട്ടമിട്ടിരിക്കുന്നത്. യുവന്റസും താരത്തിൽ അതീവതാല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ഡിഫൻസിലെ കുറവുകൾ നികത്താൻ അലാബക്ക് കഴിയുമെന്നാണ് യുവന്റസിന്റെ വിശ്വാസം. ഏതായാലും താരം കരാർ പുതുക്കാത്തത് ഈ മൂന്ന് ക്ലബുകൾക്കും ആശ്വാസം വാർത്തയാണ്.
2011-ലായിരുന്നു അലാബ ബയേൺ മ്യൂണിക്കിൽ എത്തിയത്. ഈ കഴിഞ്ഞ സീസണിൽ ഗംഭീരപ്രകടനമാണ് താരവും ബയേണും നടത്തിയത്. ചാമ്പ്യൻസ് ലീഗ്, ബുണ്ടസ്ലിഗ, ഡിഎഫ്ബി പോക്കൽ എന്നിവ നേടാൻ ബയേണിന് കഴിഞ്ഞിരുന്നു. തുടർന്ന് ഡിഎഫ്എൽ സൂപ്പർ കപ്പും യുവേഫ സൂപ്പർ കപ്പും ബയേൺ സ്വന്തമാക്കുകയും ചെയ്തു.