ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ ടീമിൽ എത്തിക്കാൻ ശ്രമിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ച താരമായിരുന്നു ലിവർപൂളിന്റെ ഡച്ച് മിഡ്ഫീൽഡർ ഗിനി വൈനാൾഡം. എന്നാൽ താരത്തിനെ ടീമിൽ എത്തിക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല. താരം ലിവർപൂളിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഇപ്പോഴിതാ താരത്തെ തനിക്ക് ആവിശ്യമുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റൊണാൾഡ് കൂമാൻ. കഴിഞ്ഞ ദിവസം NOS-ന് നൽകിയ അഭിമുഖത്തിലാണ് കൂമാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വൈനാൾഡത്തെ ടീമിൽ എത്തിക്കാൻ താങ്കൾ ശ്രമിച്ചിരുന്നുവോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്. “അതേ.. അത് സത്യമാണ്.. അദ്ദേഹം എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നു ” ഇതാണ് കൂമാൻ പറഞ്ഞത്.
ലിവർപൂളുമായി ഒരു വർഷത്തെ കരാർ കൂടിയാണ് വൈനാൾഡത്തിനുള്ളത്. എന്നാൽ കരാർ പുതുക്കാൻ താരം തയ്യാറായിരുന്നില്ല. മാത്രമല്ല, തിയാഗോയുടെ വരവ് മുൻകൂട്ടി കണ്ട താരം ക്ലബ് വിടാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് താരത്തെ കൺവിൻസ് ചെയ്യുകയായിരുന്നു. തുടർന്ന് ലിവർപൂളിൽ താരം തുടരാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ അടുത്ത ട്രാൻസ്ഫറിൽ താരം ലിവർപൂൾ വിട്ടേക്കും.
അതേ സമയം ഡീപേയുടെ കാര്യത്തിലും ചില സൂചനകൾ കൂമാൻ നൽകിയിട്ടുണ്ട്. വരുന്ന ജനുവരി ട്രാൻസ്ഫറിൽ താരത്തിന് വേണ്ടി ബിഡ് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സയെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമായത്. മെംഫിസ് ഡീപേയും താൻ ജനുവരിയിൽ ബാഴ്സയുമായി പ്രീകോൺട്രാക്ട് അഗ്രിമെന്റിൽ എത്താൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.