ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ ഉയർത്തുന്ന സൂപ്പർ താരം നെയ്മറുടെ മിന്നുന്ന ഫോം| Neymar |Brazil |Qatar 2022

ഫ്രഞ്ച് വമ്പൻമാരായ പി എസ് ജിക്കുവേണ്ടി എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ഈ സീസണിൽ ഇതുവരെയും ബ്രസീലിയൻ സൂപ്പർസ്റ്റാർ നെയ്മർ പുറത്തെടുത്തത്. താരത്തിന്റെ ഈ സൂപ്പർ ഫോം ലോകകപ്പിലും തുടർന്ന് കഴിഞ്ഞാൽ ബ്രസീലിന് സഹായകരമാകും. ഈ ഫോം മലയാളികളുടെ സുൽത്താൻ വേൾഡ് കപ്പ് വരെ തുടരണമെന്നാണ് എല്ലാം ഫുട്ബോൾ ആരാധകരും ആഗ്രഹിക്കുന്നത്.

ഫിറ്റ്നസിന്റെ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ സീസണുകളിലും അതിനുമുമ്പുളള സീസണുകളിലും ഒരുപാട് മത്സരങ്ങൾ നഷ്ടമായ നെയ്മർ വളരെ പെട്ടെന്നായിരുന്നു പരിക്കിൻ്റെ പിടിയിൽ വീണിരുന്നത്. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് എല്ലാം വീണ്ടെടുത്ത് തന്റെ വിശ്വരൂപം ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് താരം. 2017ൽ 222 മില്യൻ യൂറോക്ക് ലോക റെക്കോർഡ് തുകയ്ക്ക് ബാഴ്സലോണയിൽ നിന്നും പി എസ് ജി യിൽ എത്തിയ താരം ഇതുവരെയുള്ള കണക്കുകൾ പ്രകാരം 190 ലീഗ് മത്സരങ്ങൾ കളിക്കേണ്ട സമയത്ത് 92 ലീഗ് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 48% കളികളിൽ മാത്രമാണ് പി എസ് ജിക്ക് വേണ്ടി നെയ്മർ ബൂട്ട് കെട്ടിയിട്ടുള്ളത്.

ഗ്രൗണ്ടിലെ അഭിനയത്തിനും ഡൈവിങ്ങിനും ഒരുപാട് തെറികൾ കേട്ടിട്ടുള്ള താരമാണ് നെയ്മർ. എന്നാൽ ഈ സീസൺ തുടക്കത്തിൽ മുതൽ താരത്തിന്റെ ആ സ്വഭാവമൊന്നും കളിക്കളത്തിൽ ഇതുവരെയും എടുത്തിട്ടില്ല. മൊണാക്കോക്കെതിരെ സമനില വഴങ്ങിയ കഴിഞ്ഞ മത്സരത്തിൽ മറ്റു കളിക്കാർ വാക്ക് തർക്കത്തിൽ ഏർപ്പെട്ടപ്പോൾ വളരെ ശാന്തനായാണ് നെയ്മർ ആ സമയം കൈകാര്യം ചെയ്തത്. ഈ സീസണിൽ ഇതുവരെയും അഞ്ചു മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളാണ് ബ്രസീലിയൻ സൂപ്പർതാരം നേടിയിട്ടുള്ളത്. 6 അസിസ്റ്റുകളും ഇതിനോടകം താരം നേടിക്കഴിഞ്ഞു. എൽ ഇക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം വീക്കിലി പ്ലെയർ റേറ്റിങ്സിൽ ഏഴു തവണ ബാലൻഡിയോർ നേടിയ മെസ്സിയെക്കാളും ഒരു പോയിൻ്റ് കൂടുതലാണ് ഈ ബ്രസീലിയൻ സുൽത്താനുള്ളത്.

8/10 ആണ് താരത്തിന്റെ ശരാശരി റൈറ്റിംഗ്. ഖത്തറിലെ വേൾഡ് കപ്പിൽ താരം തിലങ്ങിയാൽ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പെലയുടെ 77 ഗോൾ എന്ന റെക്കോർഡ് മറികടക്കാൻ സാധ്യത ഏറെയാണ്. നിലവിൽ 74 ഗോളുകൾ ആണ് ബ്രസീലിനു വേണ്ടി താരം നേടിയിട്ടുള്ളത്. ബാഴ്സലോണയിൽ നിന്നും കഴിഞ്ഞ സീസണിൽ തൻ്റെ ടീമിൽ എത്തിയ ഉറ്റ സുഹൃത്ത് മെസ്സിയുടെ കൂടെയും ഫ്രഞ്ച് സൂപ്പർ യുവ താരം എംബാപ്പയുടെ കൂടെയും മികച്ച അറ്റാക്കിങ് ആണ് നെയ്മർ കാഴ്ചവെക്കുന്നത്.

കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് നെയ്മറും സംഘവും നേടിയിട്ടുള്ളത്. ഇതുവരെയുള്ള അഞ്ച് ലീഗ് മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകളും 6 അസിസ്റ്റുകളുമടക്കം നെയ്മറാണ് ഒന്നാം സ്ഥാനത്ത്. പി എസ് ജിക്ക് വേണ്ടി 150 മത്സരങളിൽ നിന്നും 109 ഗോളുകളാണ് താരം ഇതുവരെയും നേടിയിട്ടുള്ളത്.നെയ്മറുടെ മിന്നുന്ന ഫോം ബ്രസീലിനും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. കഴിഞ്ഞ രണ്ടു വേൾഡ് കപ്പിലും സാധിക്കാത്തത് ഖത്തറിൽ നേടിയെടുക്കാം എന്ന ആത്മവിശ്വാസം ടീമിലും പരിശീലകനിലും ആരാധകരിലും ഉയർന്നു വന്നിട്ടുണ്ട്. വീണ്ടും ഏഷ്യയിൽ ലോകകപ്പ് എത്തുമ്പോൾ 20 വർഷത്തിന് ശേഷം കിരീടം വീണ്ടും ബ്രസീലിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നെയ്മർ.

Rate this post