അർജന്റീനക്ക് ബ്രസീലിൽ നിന്നും പിന്തുണ, മെസിയും സംഘവും കിരീടം നേടണമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ മേധാവി |Qatar 2022

ഖത്തർ ലോകകപ്പിൽ നിന്നും ബ്രസീൽ പുറത്തായതിനു പിന്നാലെ അർജന്റീനക്ക് പിന്തുണയുമായി ബ്രസീൽ ഫുട്ബോൾ ഫെർഡറേഷന്റെ മേധാവിയായ ഫെർണാണ്ടോ സാർണേ. രണ്ടു രാജ്യങ്ങളും തമ്മിൽ ഐക്യം കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും സൗത്ത് അമേരിക്കയിലേക്ക് തന്നെ കിരീടം വരട്ടെയെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. ബ്രസീലിന്റെയും അർജന്റീനയുടെയും ആരാധകർ പൊതുവെ എതിർചേരിയിൽ നിൽക്കാറുള്ളത് കണക്കാക്കുമ്പോൾ സിബിഎഫ് വൈസ് പ്രസിഡന്റായ സാർണേയുടെ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നതു തന്നെയാണ്.

ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തു പോയത്. ഇത്തവണ ലോകകിരീടം നേടുമെന്ന് ഏവരും പ്രതീക്ഷ കൽപ്പിച്ച ടീമുകളിൽ ഒന്നായിരുന്നു ബ്രസീൽ. അതിനുള്ള സ്‌ക്വാഡും അവർക്കുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തിനു മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ക്വാർട്ടർ ഫൈനലിൽ അവസാനം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ തോൽവിയേറ്റു വാങ്ങി ലോകകപ്പിൽ നിന്നും പുറത്തു പോയത്. ഇതോടെയാണ് തന്റെ പിന്തുണ മറ്റൊരു സൗത്ത് അമേരിക്കൻ രാജ്യമായ അർജന്റീനക്ക് അദ്ദേഹം നൽകിയത്.

“ഞങ്ങൾ ഒത്തൊരുമ കാത്തു സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ബ്രസീൽ പുറത്തു പോയതോടെ ഞങ്ങളെല്ലാവരും അർജന്റീനയാണ്. അവർ ഈ കിരീടം സൗത്ത് അമേരിക്കയിലേക്ക് കൊണ്ടു വരുമെന്ന് ഞാൻ കരുതുന്നു.” സ്പോർട്ട്സ് സെന്റർ ബ്രസീലിനോട് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. നിരവധി വർഷങ്ങളായി ഒരു സൗത്ത് അമേരിക്കൻ താരം പോലും ലോകകപ്പ് സ്വന്തമാക്കിയിട്ടില്ലെന്നതു കൂടിയാണ് സാർനെയുടെ ആഗ്രഹത്തിന് പിന്നിലെന്നാണ് അനുമാനിക്കേണ്ടത്.

അവസാനമായി ലോകകപ്പ് നേടിയ സൗത്ത് അമേരിക്കൻ രാജ്യം ബ്രസീലായിരുന്നു. 2022ലാണ് കാനറികൾ കപ്പ് നേടിയത്. അതിനു ശേഷം നടന്ന ലോകകപ്പ് എല്ലാം നേടിയത് യൂറോപ്യൻ രാജ്യങ്ങളാണ്. യൂറോപ്പിന്റെ ഈ അപ്രമാദിത്വം അവസാനിപ്പിക്കണമെന്ന് ലാറ്റിനമേരിക്കൻ ആരാധകരിൽ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ബ്രസീൽ അടക്കമുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും അർജന്റീനക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.

കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ തന്നെ ലയണൽ മെസിക്ക് ബ്രസീലിൽ നിന്നും വളരെയധികം പിന്തുണ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ബ്രസീൽ താരങ്ങളായ നെയ്‌മർ അടക്കമുള്ളവർ ഇതിനെതിരെ രംഗത്തു വരികയും ചെയ്‌തു. എന്നാലിപ്പോൾ അർജന്റീന ലോകകപ്പ് കിരീടം നേടിയാൽ അത് ലാറ്റിനമേരിക്കയുടെ കൂടി ലോകകപ്പ് വിജയമായാണ് കണക്കാക്കപ്പെടുകയെന്ന രീതിയിലാണ് കാര്യങ്ങൾ മാറുന്നത്.

Rate this post
ArgentinaFIFA world cupLionel MessiQatar2022