ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ആൻഡേഴ്സൺ ടാലിസ്കയുടെ ഹാട്രിക്കിൽ തകർപ്പൻ ജയവുമായി അൽ നാസർ. അൽ-ദുഹൈലിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീഞ്ഞോ ഖത്തറി ടീമിനായി രണ്ട് ഗോളുകളും നേടി.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകിയാണ് അൽ നാസർ ഇന്നലെ ഇറങ്ങിയത്.
നാലിൽ നാല് ജയത്തോടെ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ് അൽ നാസർ.ശേഷിക്കുന്ന രണ്ട് കളികളിൽ നിന്ന് നോക്കൗട്ടിലെത്താൻ ഒരു പോയിന്റ് മാത്രം മതി.അൽ ദുഹൈൽ പുറത്തായിരിക്കുകയാണ്.സെപ്റ്റംബറിൽ ലോണിൽ അൽ ദുഹൈലിനൊപ്പം ചേർന്ന മുൻ ലിവർപൂൾ, ബാഴ്സലോണ താരമായ കുട്ടീഞ്ഞോ മത്സരത്തിൽ എട്ടാം മിനുട്ടിൽ ഖത്തരി ക്ലബിനെ മുന്നിലെത്തിച്ചു.എന്നാൽ 27 ആം മിനുട്ടിൽ ബ്രസീലിയൻ താരം ടാലിസ്കായിലൂടെ അൽ നാസർ സമനില നേടി.
പത്ത് മിനിറ്റിന് ശേഷം ടാലിസ്കാ അൽ സൗദി പ്രൊ ലീഗ് ക്ലബിന് ലീഡ് നേടിക്കൊടുത്തു. 65 ആം മിനുട്ടിൽ ടാലിസ്ക തന്റെ ഹാട്രിക് പൂർത്തിയാക്കി അൽ നാസറിനെ 3 -1 ന് മുന്നിലെത്തിച്ചു.ടൂർണമെന്റിൽ എട്ട് ഗോളുകളോടെ ടോപ് സ്കോററാണ് ബ്രസീലിയൻ. 80 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും കുട്ടീന്യോ അൽ ദുഹൈലിനായി ഒരു ഗോൾ മടക്കി. ഇഞ്ചുറി ടൈമിൽ ദുഹൈൽ താരം ഖാലിദ് മുഹമ്മദിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.
നവംബർ 27-ന് പെർസെപോളിസിനെതിരെ ഒരു സമനില മതിയാകും അൽ-നാസറിന് അടുത്ത ഘട്ടത്തിൽ അവരുടെ സ്ഥാനം ബുക്ക് ചെയ്യാൻ.അതേസമയം ഈ വർഷത്തെ ടൂർണമെന്റിൽ ഇനിയും വിജയിക്കാത്ത അൽ-ദുഹൈൽ ഔദ്യോഗികമായി പുറത്തായി.