ഈ സീസണിൽ എത്ര ഗോളുകൾ നേടണം, മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനു മുന്നിൽ ലക്ഷ്യം വെച്ച് എറിക് ടെൻ ഹാഗ്

പുതിയ സീസണിൽ സമ്മിശ്രമായ പ്രകടനമാണ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നതെങ്കിലും പുതിയ പരിശീലകനു കീഴിൽ ടീമിന്റെ മുന്നേറ്റനിര താരമായ മാർക്കസ് റാഷ്‌ഫോഡ് കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്‌തമായി മികച്ച പ്രകടനം നടത്തുമെന്നതിന്റെ സൂചനകൾ നൽകിയിട്ടുണ്ട്. ഈ സീസണിൽ ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ഇംഗ്ലീഷ് താരം മൂന്നു ഗോളുകളും രണ്ട അസിസ്റ്റുകളുമാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ഇതിലെ രണ്ടു ഗോളും ഒരു അസിസ്റ്റും ലീഗ് ടോപ്പേഴ്‌സായ ആഴ്‌സണലിന് എതിരേയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ഈ സീസണിൽ താൻ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളിൽ പ്രധാനിയായി എറിക് ടെൻ ഹാഗ് കരുതുന്ന താരങ്ങളിൽ ഒരാളാണ് മാർക്കസ് റാഷ്‌ഫോഡെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി സൺ വെളിപ്പെടുത്തുന്നത്. പരിശീലകനും താരവും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും സീസണിൽ എത്ര ഗോളുകൾ നേടണമെന്ന കാര്യത്തിൽ റാഷ്‌ഫോഡിന് എറിക് ടെൻ ഹാഗ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതുവഴി ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിന്റെ മുൻനിരയിലെത്താൻ കഴിയുമെന്ന വിശ്വാസവും താരത്തിലുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

“ടീമിനെ മുന്നിൽ നിന്നും നയിക്കാൻ കഴിയുന്ന താരമായാണ് റാഷ്‌ഫോഡിനെ എറിക് ടെൻ ഹാഗ് കാണുന്നത്. മത്സരങ്ങളിൽ തന്റെ കഴിവുകൾ കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമായി മാറാൻ റാഷ്‌ഫോഡിന് കഴിയുമെന്നും അദ്ദേഹം കരുതുന്നു. അവസരങ്ങൾ ലഭിക്കുമ്പോൾ തന്റെ വേഗതയും സ്കില്ലും കൃത്യമായി ഉപയോഗിച്ച് സീസണിൽ ചുരുങ്ങിയത് ഇരുപതു ഗോളുകൾ റാഷ്‌ഫോഡിന് നേടാമെന്ന് ടെൻ ഹാഗ് വിശ്വസിക്കുന്നു. രണ്ടു പേരും തമ്മിലുള്ള ബന്ധവും സുദൃഢമാണ്.” ദി സണിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും സ്ഥിരതയില്ലാത്ത പ്രകടനമാണ് റാഷ്‌ഫോഡ് ഇതുവരെ നടത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ വെറും അഞ്ചു ഗോളുകൾ മാത്രം നേടിയ താരം കാഴ്ച്ച വെക്കുന്ന നിലവിലെ ഫോം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം നൽകുന്നതാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഗോളടിമികവ് പുറത്തെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഷ്‌ഫോഡിന്റെ കാലുകളെ തന്നെയാവും ഈ സീസണിൽ ആശ്രയിക്കുക.

Rate this post