എഫ്സി ബാഴ്സലോണയുടെ ഏറ്റവും നിർണായകമായ താരങ്ങളിൽ ഒരാളാണ് ഗോൾകീപ്പറായ മാർക്ക് ആൻഡ്രേ ടെർ സ്റ്റീഗൻ. ബാഴ്സയുടെ ബയേണിനോടേറ്റ തോൽവിക്ക് പിന്നാലെ ടീമിലെ ഒട്ടുമിക്ക താരങ്ങളും ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ പരന്നപ്പോഴും ക്ലബ് വിടില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിന്ന താരമാണ് ടെർ സ്റ്റീഗൻ. താരത്തെ ഒരു കാരണവശാലും ബാഴ്സ വിട്ടു നൽകാനും തയ്യാറല്ലായിരുന്നു. അത്രയേറെ പ്രാധാന്യമർഹിക്കുന്ന താരമാണ് ടെർ സ്റ്റീഗൻ.
ഇപ്പോഴിതാ ബാഴ്സക്ക് വലിയ തോതിൽ ആശ്വാസമേകി കൊണ്ട് ടെർ സ്റ്റീഗൻ കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ് കരാർ പുതുക്കുന്നതിനെ കുറിച്ച് പുതിയ ചർച്ചകൾക്ക് ടെർ സ്റ്റീഗൻ സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ. മുമ്പ് ചർച്ചകൾ നടന്നിരുന്നുവെങ്കിലും പിന്നീട് ബാഴ്സയും പ്രസിഡന്റ് ബർത്തോമുവും പ്രതിസന്ധികളിൽ അകപ്പെടുകയായിരുന്നു. ഇതോടെ ചർച്ച വഴി മുട്ടുകയായിരുന്നു.അത് വീണ്ടും പുനരാരംഭിച്ചേക്കും എന്നാണ് സ്പോർട്ട് പറയുന്നത്.
നിലവിൽ 2022 വരെയാണ് ടെർ സ്റ്റീഗന് ബാഴ്സയിൽ കരാറുള്ളത്. ഇത് 2025 വരെ നീട്ടാനുള്ള ശ്രമത്തിലാണ് ബാഴ്സ. 2017-ലായിരുന്നു അവസാനമായി താരത്തിന്റെ കരാർ പുതുക്കിയത്. അന്ന് 100 മില്യൺ റിലീസ് ക്ലോസിൽ നിന്നും 180 മില്യൺ റിലീസ് ക്ലോസാക്കി ഉയർത്താൻ ബാഴ്സക്ക് കഴിഞ്ഞിരുന്നു. പക്ഷെ ബാഴ്സയുടെ പ്രതിസന്ധി ഘട്ടത്തിൽ പോലും ടെർ സ്റ്റീഗൻ ബാഴ്സ വിടുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. ബാഴ്സ 8-2 ന് തോറ്റതിന് പിന്നാലെ താരത്തെ റാഞ്ചാനുള്ള ശ്രമങ്ങൾ ചെൽസി നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.
2014-ൽ ആയിരുന്നു താരം ബാഴ്സയിൽ എത്തിയത്. വെറും പന്ത്രണ്ട് മില്യൺ യുറോക്കാണ് താരം ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്ന് താരത്തെ ടീമിൽ എത്തിച്ചത്. തുടർന്ന് വളരെ പെട്ടന്ന് തന്നെ താരം ബാഴ്സയുടെ നെടുംതൂണുകളിൽ ഒന്നായി മാറുകയായിരുന്നു. 2015 ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ പങ്കുവഹിച്ച താരം നിരവധി മത്സരങ്ങളിൽ ബാഴ്സയുടെ രക്ഷകനായിട്ടുണ്ട്.