എഫ്സി ബാഴ്സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഗോൾകീപ്പർ ടെർ സ്റ്റീഗൻ എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. 2014-ൽ ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷിൽ നിന്നും ബാഴ്സയിൽ എത്തിയ താരം പിന്നീട് നിർണായകതാരങ്ങളിലൊരാളായി മാറുകയായിരുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ നാണംകെട്ട തോൽവിക്ക് ശേഷം ബാഴ്സ നിലനിർത്താൻ തുടക്കത്തിലേ തീരുമാനിച്ച അപൂർവ്വം താരങ്ങളിൽ ഒരാളായിരുന്നു ടെർസ്റ്റീഗൻ.
എന്നാൽ താരത്തിന്റെ കാര്യത്തിൽ ഒരു വൻ ട്വിസ്റ്റ് സംഭവിച്ചേക്കാമെന്നാണ് പുറത്തു വരുന്ന പുതിയ വാർത്തകൾ. കരാർ പുതുക്കിയതിന് പിന്നാലെ താരത്തെ വിൽക്കാനുള്ള ആലോചനകൾ ബാഴ്സ തുടങ്ങി എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന ശക്തമായ അഭ്യൂഹം. ടോഡോ ഫിഷെയ്ജസ് എന്ന മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ട് സ്പാനിഷ് മാധ്യമമായ എഎസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയാണ് ബാഴ്സയെ താരത്തെ വിൽക്കാൻ പ്രേരിപ്പിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് ടെർസ്റ്റീഗന്റെ കരാർ ബാഴ്സ പുതുക്കിയിരുന്നു. അഞ്ചു വർഷത്തേക്ക് പുതുക്കിയ കരാർ 2025 വരെയാണുള്ളത്. എന്നാൽ പിന്നാലെ പ്രസിഡന്റ് ബർതോമ്യു രാജിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് ക്ലബ്ബിന്റെ സാമ്പത്തികപ്രതിസന്ധി വെളിവാകുകയായിരുന്നു. ബാഴ്സയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ് ടെർ സ്റ്റീഗൻ. മാത്രമല്ല, സാലറി കട്ട് ചെയ്യാനുള്ള അപേക്ഷ ബാഴ്സ താരങ്ങൾ തള്ളിയതും സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കാൻ കാരണമായി. ഇതുകൊണ്ടൊക്കെ തന്നെയും താരത്തെ വിൽക്കാനാണ് ബാഴ്സ ആലോചിക്കുന്നത്.
അതേസമയം താരത്തെ ബയേൺ മ്യൂണിക്കിന് വിൽക്കാനാണ് ബാഴ്സയുടെ പദ്ധതി. താരത്തെ വാങ്ങാൻ ബയേണിന് താല്പര്യമാണ്. നിലവിലെ ഗോൾകീപ്പർ ന്യൂയറിന്റെ പകരക്കാരൻ എന്ന സ്ഥാനത്തേക്കാണ് സ്റ്റീഗനെ പരിഗണിക്കുന്നത്. ഏകദേശം എൺപത് മില്യൺ യൂറോയോളമാണ് ബയേണിൽ നിന്നും ലഭിക്കുമെന്ന് ബാഴ്സ കരുതുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ബയേണായിരുന്നു ടെർ സ്റ്റീഗന്റെ വലയിൽ എട്ട് ഗോളുകൾ നിറച്ചത്.