ഒരു ഗോൾകീപ്പർക്ക് ഒരു ടീമിന്റെ പ്രകടനത്തിൽ എത്രമാത്രം സ്വാധീനം ചെലുത്താനാകും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബാഴ്‌സലോണയുടെ ജർമ്മൻ കീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ.2021/22 സീസൺ ബാഴ്‌സലോണയ്ക്ക് മികച്ചതായിരുന്നില്ല പക്ഷെ ലാ ലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
ടെർ സ്റ്റെഗൻ കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്ക്കായി 35 മത്സരങ്ങൾ കളിക്കുകയും 11 ക്ലീൻ ഷീറ്റുകൾ നിലനിർത്തുകയും ചെയ്തു.എന്നാൽ കഴിഞ്ഞ ദിവസം അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സലോണ 1-0 ന് വിജയിച്ചതോടെ, ടെർ സ്റ്റെഗൻ സീസണിലെ തന്റെ പന്ത്രണ്ടാമത്തെ ക്ലീൻ ഷീറ്റ് നിലനിർത്തി. അതായത് 2022/23 ലാ ലിഗ സീസണിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി 16 മത്സരങ്ങളിൽ ടെർ സ്റ്റെഗൻ 12 ക്ലീൻ ഷീറ്റുകൾ നേടി.ഗോൾകീപ്പർ ടെർ സ്റ്റെഗന്റെ പ്രകടനം മാത്രമാണ് ബാഴ്‌സലോണയുടെ ക്ലീൻ ഷീറ്റിന് കാരണമെന്ന് അവകാശവാദമില്ല, പക്ഷേ വലയ്ക്ക് മുമ്പിലെ അദ്ദേഹത്തിന്റെ മിടുക്ക് നമുക്ക് കാണാതിരിക്കാൻ സാധിക്കില്ല.
ഈ സീസണിൽ ഇതുവരെ 16 ലാലിഗ മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ മാത്രമാണ് ബാഴ്‌സലോണ വഴങ്ങിയത്. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ ടീമുകളിൽ ഈ സീസണിൽ ഇതുവരെ ഏറ്റവും കുറച്ച് ഗോളുകൾ വഴങ്ങിയത് ബാഴ്‌സലോണയാണ്. 16 കളികളിൽ നിന്ന് 13 ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 41 പോയിന്റുമായി ലാലിഗ പോയിന്റ് പട്ടികയിൽ നിലവിൽ ബാഴ്‌സലോണ ഒന്നാം സ്ഥാനത്താണ്.
Ter Stegen is doing incredible so far in 2023! #atleticovsbarcelona pic.twitter.com/nrOUg31KZs
— BarcelonaLM10Forever (@TheRandomUpdat2) January 8, 2023
2014ൽ ജർമൻ ക്ലബ് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്നാണ് ടെർ സ്റ്റെഗൻ ബാഴ്സലോണയിലെത്തിയത്.2014 മുതൽ 2019 വരെ ടെർ സ്റ്റീഗൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് തന്നെ പറയാം. എന്നിരുന്നാലും, 2020-2022 കാലയളവിൽ ടെർ സ്റ്റെഗന്റെ പ്രകടനം അത്ര മികച്ചതാണെന്ന് പറയാനാവില്ല. എന്നിരുന്നാലും, ടെർ സ്റ്റെഗൻ ഇപ്പോൾ തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അവരുടെ ഒന്നാം നമ്പർ ഗോൾകീപ്പറുടെ ഫോം ബാഴ്‌സലോണയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നു.