കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിയ എഫ്സി ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ ഏറ്റവും കൂടുതൽ നോട്ടമിട്ട താരമായിരുന്നു ലിയോണിന്റെ ഡച്ച് സ്ട്രൈക്കർ മെംഫിസ് ഡീപേ. എന്നാൽ ബാഴ്സയുടെ സാമ്പത്തികപരമായുള്ള പ്രശ്നങ്ങൾ കാരണം അവർക്ക് ലിയോണുമായി കരാറിൽ എത്താൻ കഴിഞ്ഞില്ല. ലിയോൺ ആവിശ്യപ്പെട്ട തുക നൽകാൻ സാധിക്കാതെ വന്നതോടെ ഡീപേ എന്ന മോഹം ബാഴ്സ താൽകാലികമായി ഉപേക്ഷിച്ചിരുന്നു.
എന്നാൽ അടുത്ത സമ്മർ ട്രാൻസ്ഫറോട് കൂടി താരം ഫ്രീ ഏജന്റ് ആവും. ഇതുവരെ ലിയോണുമായി കരാർ പുതുക്കാൻ താരം തയ്യാറായിട്ടില്ല. അത്കൊണ്ട് തന്നെ താരത്തിന് ബാഴ്സയുമായി ഈ ജനുവരിയിൽ പ്രീ കോൺട്രാക്ടിൽ ഏർപ്പെട്ടു കൊണ്ട് അടുത്ത സീസണിൽ ബാഴ്സക്ക് വേണ്ടി കളിക്കാം. അതല്ലെങ്കിൽ ഈ ജനുവരിയിൽ തന്നെ ബാഴ്സയിലേക്ക് വരാം. ബാഴ്സ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്താനുള്ള സാധ്യതകൾ നിലവിലുണ്ട്.
യുവതാരം അൻസു ഫാറ്റിക്ക് പരിക്കേറ്റതോടെ ഡീപേക്ക് വേണ്ടി ശ്രമങ്ങൾ തുടരാൻ കൂമാൻ നിർബന്ധിതനായിരിക്കുകയാണ്. മാത്രമല്ല ഡീപേ തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ഈ സീസൺ അവസാനം വരെ താൻ ലിയോണിൽ തുടരുമെന്ന കാര്യം തനിക്ക് സത്യം ചെയ്യാനാവില്ല എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. ഫലത്തിൽ താരം ഈ ജനുവരിയിൽ ബാഴ്സയിൽ എത്താൻ സാധ്യതകൾ ഏറെയാണ്. കൂമാന്റെ പ്രഥമലക്ഷ്യമാണ് ഡീപേ എന്ന് മുമ്പ് തന്നെ മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.
” ലിയോണുമായുള്ള കരാർ പൂർത്തിയാക്കുമോ എന്ന കാര്യം ഒരുപാട് പേർ ചോദിക്കുന്നുണ്ട്. പക്ഷെ ഞാൻ ഇവിടെ പൂർത്തിയാക്കുമെന്ന കാര്യത്തിൽ എനിക്കൊരിക്കലും നിങ്ങൾക്ക് സത്യം ചെയ്തു തരാൻ കഴിയില്ല. ഞാൻ ഇവിടെ ഇരിക്കുന്നതിന്റെ ഗുണങ്ങൾ ലിയോൺ കൈപ്പറ്റുകയാണ് ചെയ്യേണ്ടത്. ലിയോണിൽ ഇരിക്കുന്നതിന്റെ ഗുണങ്ങൾ ഞാനും കൈപ്പറ്റാൻ ശ്രമിക്കുന്നുണ്ട്. ഞാൻ മത്സരത്തിലും പരിശീലനത്തിലും എപ്പോഴും പോസിറ്റീവ് ആയാണ് നിലകൊള്ളാറുള്ളത്. എനിക്ക് ചുറ്റുമുള്ളവരോട് നിങ്ങൾക്ക് അത് ചോദിക്കാവുന്നതാണ് “ഡീപേ പറഞ്ഞു.