ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ ചിലിയൻ മിഡ്ഫീൽഡർ ആർതുറോ വിദാൽ ക്ലബ് വിട്ട് ഇന്റർമിലാനിൽ എത്തിയത്. ചാമ്പ്യൻസ് ലീഗിലേറ്റ നാണംകെട്ട തോൽവിയുടെ ഫലമെന്നോണമാണ് വിദാലിന്റെ സ്ഥാനം തെറിച്ചത്.ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടണമെന്ന ആഗ്രഹത്തോടെ ബാഴ്സയിൽ എത്തിയ താരത്തിന് അധികം വൈകാതെ തന്നെ ബാഴ്സ വിടാനുള്ള യോഗമുണ്ടാവുകയായിരുന്നു.
എന്നാൽ ബാഴ്സയിൽ താൻ നല്ല രീതിയിൽ ആയിരുന്നുവെന്നും കാര്യങ്ങൾ മാറിമറിഞ്ഞതാണ് തന്റെ സ്ഥാനം പോവാനുള്ള കാരണമെന്നും വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ വിദാൽ. ഇന്റർമിലാനെ തിരഞ്ഞെടുക്കാൻ കാരണം ചാമ്പ്യൻസ് ലീഗും സിരി എയും നേടാനുള്ള അതിയായ ആഗ്രഹം കൊണ്ടാണെന്നും വിദാൽ കൂട്ടിച്ചേർത്തു. ഇറ്റാലിയൻ മാധ്യമമായ കൊറയ്റ ഡെല്ലോ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു താരം. ബാഴ്സക്കൊപ്പം ലാലിഗയും സ്പാനിഷ് സൂപ്പർ കപ്പും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.
” ബാഴ്സയിൽ ഞാൻ നല്ല രീതിയിൽ തന്നെയായിരുന്നു. അവിടെ മികച്ചൊരു ഗ്രൂപ്പ് ഉണ്ടായിരുന്നു. സുഹൃത്തുക്കൾക്കും മുകളിൽ നിൽക്കുന്ന ഒരുപാട് ബന്ധങ്ങൾ അവിടെയുണ്ടായിരുന്നു. ഞാൻ അവിടെ സന്തോഷവാനായിരുന്നു. എനിക്കവിടെ തുടരണമെന്നുമുണ്ടായിരുന്നു. പക്ഷെ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. അതിനാൽ തന്നെ ഞാൻ ഇന്റർമിലാനിലേക്ക് വരാൻ തീരുമാനിച്ചു ” വിദാൽ തുടരുന്നു.
” സിരി എ കിരീടം നേടാനും എന്റെ സ്വപ്നമായ ചാമ്പ്യൻസ് ലീഗ് നേടാനുമുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്. കൂടാതെ കോന്റെ എന്നെ ക്ഷണിക്കുകയും ചെയ്തു. ഞങ്ങൾ ഒരുമിച്ച് മൂന്ന് വർഷത്തോളം യുവന്റസിൽ ചിലവഴിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഒരുപാട് വിജയങ്ങൾ കൈവരിക്കാനും അതുവഴി മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ ലഭിക്കാനും സാധിച്ചു. അദ്ദേഹം എന്നെ ഇഷ്ടപ്പെടുന്നു. സമ്മർ സമയത്ത് ഞങ്ങൾ ഒരുപാട് തവണ സംസാരിച്ചിരുന്നു. അദ്ദേഹവും ക്ലബും എന്നെ ഇവിടെ എത്തിക്കാനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് ” വിദാൽ പറഞ്ഞു.