ആഴ്സനൽ പരിശീലകനായിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം തനിക്കു ലഭിച്ച വമ്പൻ ക്ലബുകളുടെ ഓഫറുകൾ വെളിപ്പെടുത്തി ആഴ്സൻ വെങ്ങർ. ഇരുപത്തിരണ്ടു വർഷത്തെ ആഴ്സനൽ പരിശീലക കരിയർ 2018ലാണ് വെങ്ങർ അവസാനിപ്പിക്കുന്നത്. തുടർച്ചയായ വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ടീം പരാജയപ്പെട്ടതായിരുന്നു കാരണം.
ദി ടൈംസിനോടു സംസാരിക്കുമ്പോഴാണ് ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നീ ടീമുകളുടെയും ഫ്രാൻസ് ദേശീയ ടീമിന്റെയും ഓഫർ തനിക്കുണ്ടായിരുന്നുവെന്ന് വെങ്ങർ പറഞ്ഞത്. ഇതിനു പുറമേ പിഎസ്ജി നിരവധി തവണ തന്നെ ബന്ധപ്പെട്ടിരുന്നു എന്നും ഫ്രഞ്ച് പരിശീലകൻ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ ഉണ്ടായിരുന്നു എന്നു വെളിപ്പെടുത്തിയെങ്കിലും അത് ഏതു വർഷമായിരുന്നു എന്ന് വെങ്ങർ വെളിപ്പെടുത്തിയില്ല. 2000-01 ക്യാമ്പയ്നു മുന്നോടിയായാണ് ഇതു സംഭവിച്ചതെന്നാണ് കരുതേണ്ടത്. ഫെർഗൂസൻ ആ സമയത്ത് വിരമിക്കാൻ ഒരുങ്ങുകയും പിന്നീട് തീരുമാനം മാറ്റി പന്ത്രണ്ടു വർഷങ്ങൾ കൂടി ക്ലബിൽ തുടരുകയുമായിരുന്നു.
ഫെർഗൂസനുമായി മികച്ച ബന്ധമാണു തനിക്കുള്ളതെന്നും വെങ്ങർ വെളിപ്പെടുത്തി. വെങ്ങർ സ്ഥാനമൊഴിഞ്ഞതിനു ശേഷവും ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ലാത്ത ആഴ്സണൽ ഈ സീസണിൽ അതു നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.