നിലവിൽ മിന്നും ഫോമിൽ കളിക്കുന്ന താരമാണ് വോൾവ്സിന്റെ സ്പാനിഷ് താരം അഡമ ട്രവോറെ. കഴിഞ്ഞ സീസണിലും ഈ സീസണിലും താരം പുറത്തെടുത്ത പ്രകടനം ഏറെ പ്രശംസകൾക്ക് പാത്രമായിരുന്നു. തുടർന്ന് താരം ലൂയിസ് എൻറിക്വക്ക് കീഴിൽ സ്പാനിഷ് ടീമിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.താരത്തിന് വേണ്ടി നിരവധി വമ്പൻ ക്ലബുകളാണ് ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായിട്ടുള്ളത്.
അതിൽ പ്രധാനികളാണ് ലിവർപൂളും ബാഴ്സലോണയും. വോൾവ്സിൽ നിന്ന് ഡിയഗോ ജോട്ടയെ ലിവർപൂൾ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലിവർപൂൾ ട്രവോറയെയും നോട്ടമിട്ടിരിക്കുന്നത്. അതേസമയം ബാഴ്സയാവട്ടെ തങ്ങളുടെ മുൻതാരത്തെ തിരികെ എത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സാമ്പത്തികപരമായുള്ള ബുദ്ധിമുട്ടുകളാണ് ബാഴ്സക്ക് തടസ്സം. 2015-ലായിരുന്നു താരം ബാഴ്സ വിട്ടത്. അതിന് ശേഷം താരം പ്രീമിയർ ലീഗിൽ വന്ന് പുരോഗതി കൈവരിക്കുകയായിരുന്നു.
പക്ഷെ വമ്പൻ ക്ലബുകളുടെ പ്രലോഭനങ്ങളിൽ വീഴാൻ ട്രവോറ തയ്യാറല്ല. താരം വോൾവ്സിൽ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ താരത്തിന് രണ്ടു വർഷം കൂടിയാണ് വോൾവ്സിൽ കരാറുള്ളത്. ഇത് പുതുക്കാൻ താരം സമ്മതം മൂളിയിട്ടുണ്ട്. ഇതിനായി നല്ലൊരു തുക തന്നെ വോൾവ്സ് വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഒരു ലക്ഷം പൗണ്ടാണ് താരത്തിന് ഒരു ആഴ്ച്ചത്തെ വേതനമായി ലഭിക്കുക. വോൾവ്സിൽ ഒരു ലക്ഷം പൗണ്ട് പറ്റുന്ന നാലാമത്തെ താരമാണ് ട്രവോറ.
ഗോൾകീപ്പർ റൂയി പാട്രിഷിയോ, മിഡ്ഫീൽഡർ ഹാവോ മോട്ടിഞ്ഞോ, സ്ട്രൈക്കർ റൗൾ ജിമിനെസ് എന്നിവർക്ക് മാത്രമാണ് നിലവിൽ വോൾവ്സിൽ ഒരു ലക്ഷം ആഴ്ച്ചയിൽ വേതനമായി ലഭിക്കുന്നവർ. 2018-ലായിരുന്നു താരം വേൾഡ് റെക്കോർഡ് തുകക്ക് വോൾവ്സിൽ എത്തിയത്. ഇരുപത് മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി വോൾവ്സ് മുടക്കിയത്.