അവസാനനിമിഷത്തിലാണ് ആ തീരുമാനം മാറ്റിയത്, അർജന്റീനയുടെ അവസാനത്തെ കിക്കെടുത്ത മോണ്ടിയൽ പറയുന്നു

മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് അർജന്റീന ലോകകപ്പ് കിരീടം നേടിയതിന്റെ സന്തോഷം ഇപ്പോഴും ആരാധകരെ വിട്ടു പോയിട്ടില്ല. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീന പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും ആത്മവിശ്വാസം നിറഞ്ഞ പ്രകടനം നടത്തിയാണ് ലോകകപ്പ് നേടിയത്. ഫൈനലിൽ ഫ്രാൻസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം നടത്തിയെങ്കിലും പിന്നീട് ഫ്രാൻസ് തിരിച്ചുവരവ് നടത്തിയതിനാൽ ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം നേടിയത്.

ഷൂട്ടൗട്ടിൽ ഒരു കിക്ക് തടുത്തിടുകയും ഷുവാമേനിയുടെ ആത്മവിശ്വാസം തകർത്ത് കിക്ക് പുറത്തേക്കടിക്കാൻ വഴിയൊരുക്കുകയും ചെയ്‌ത എമിലിയാനോ മാർട്ടിനസാണ്‌ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചപ്പോൾ അവസാനത്തെ കിക്കെടുത്തത് മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ മോണ്ടിയാൽ ആയിരുന്നു. കഴിഞ്ഞ ദിവസം നിർണായകമായ ആ പെനാൽറ്റിയെക്കുറിച്ച് മോണ്ടിയാൽ സംസാരിക്കുകയുണ്ടായി.

“എക്‌സ്ട്രാ ടൈമിലെ ഹാൻഡ്‌ബോൾ കൊണ്ട് ഗോൾ വഴങ്ങേണ്ടി വന്നതിനാൽ കരഞ്ഞു പോയ എന്നെ കണ്ടതു കൊണ്ട് പെനാൽറ്റി എടുക്കാൻ തയ്യാറാണോ എന്നു സ്‌കലോണി ചോദിച്ചിരുന്നു. തയ്യാറാണ് എന്നു ഞാൻ പറഞ്ഞു, അതിലെനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ആദ്യം ഞാൻ കരുതിയത് മധ്യത്തിലൂടെ ഉരുട്ടി അടയ്ക്കാനായിരുന്നു. പക്ഷെ അവസാനത്തെ നിമിഷത്തിൽ ഞാനെന്റെ മനസു മാറ്റി കിക്കെടുത്തു.” എഎഫ്എ സ്റ്റുഡിയോയോട് സംസാരിക്കുമ്പോൾ മോണ്ടിയാൽ പറഞ്ഞു.

മത്സരത്തിൽ മോണ്ടിയലിന്റെ ഹാൻഡ്‌ബോൾ കാരണമാണ് ഫ്രാൻസിന്റെ മൂന്നാമത്തെ ഗോൾ പിറന്നത്. താരം തന്നെ അവസാനത്തെ പെനാൽറ്റി ഗോളാക്കി മാറ്റി അർജന്റീന ടീമിനെ രക്ഷിക്കുകയും ചെയ്‌തു. പെനാൽറ്റിയെടുക്കുന്ന കാര്യത്തിൽ വളരെയധികം പരിചയസമ്പത്തുള്ള താരമാണ് മോണ്ടിയാൽ. ഫൈനലിൽ താരത്തിന്റെ പെനാൽറ്റിഗോൾകീപ്പർ ലോറിസിന് യാതൊരു അവസരവും നൽകാതെയാണ് ഗോളായി മാറിയതും.

Rate this post
Argentina