ഏർലിംഗ് ഹാലന്റ് റയലിനെ ഒഴിവാക്കി സിറ്റിയെ തിരഞ്ഞെടുക്കാനുള്ള രണ്ട് കാരണങ്ങൾ വെളിപ്പെടുത്തി ഏജന്റ്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് ഒരു അത്ഭുത നീക്കം നടത്തുമെന്നുള്ള റൂമറുകൾ നേരത്തെ ഉണ്ടായിരുന്നു.അതായത് ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേയെയും ഏർലിംഗ് ഹാലന്റിനെയും ഒരുമിച്ച് റയൽ മാഡ്രിഡ് ടീമിലേക്ക് എത്തിക്കുമെന്നായിരുന്നു റൂമർ ഉണ്ടായിരുന്നത്.എന്നാൽ ഇത് രണ്ടും നടക്കാതെ പോവുകയായിരുന്നു.

എന്തെന്നാൽ കിലിയൻ എംബപ്പേ പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പുവെച്ചു. ഏർലിംഗ് ഹാലന്റാവട്ടെ റയൽ മാഡ്രിഡിലേക്ക് വരാതെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവുകയായിരുന്നു.താരതമ്യേനെ ചെറിയ ഒരു തുകക്ക് തന്നെയാണ് സിറ്റി ഹാലന്റിനെ സ്വന്തമാക്കിയിരുന്നത്.ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ അദ്ദേഹം പുറത്തെടുക്കുന്നത്.

എന്തുകൊണ്ടാണ് റയൽ മാഡ്രിഡിനെ തള്ളിക്കളഞ്ഞുകൊണ്ട് ഹാലന്റ് മാഞ്ചസ്റ്റർ സിറ്റിയെ തിരഞ്ഞെടുത്തത്? ഇതിനുള്ള ഉത്തരം ഇപ്പോൾ ഹാലന്റിന്റെ നിലവിലെ ഏജന്റായ റഫയേല പിമിയെന്റ നൽകിയിട്ടുണ്ട്.രണ്ട് കാരണങ്ങളാണ് അവർ പ്രധാനമായും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സ്പാനിഷ് മീഡിയയായ ഡയാരിയോ എഎസ്സിനോട് സംസാരിക്കുകയായിരുന്നു അവർ.

‘ഒരു ഫുട്ബോൾ ഫാമിലിയിൽ നിന്നുമാണ് ഏർലിംഗ് ഹാലന്റ് കടന്നുവരുന്നത് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാം.അദ്ദേഹത്തിന്റെ പിതാവ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.അദ്ദേഹം അവിടെ ചുറ്റിപ്പറ്റി വളർന്നിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം മാഞ്ചസ്റ്റർ ജേഴ്സി അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ നിങ്ങൾക്ക് കാണാം.അങ്ങനെയൊരു ബന്ധം സിറ്റിയുമായി അദ്ദേഹത്തിന് ഉണ്ടായതുകൊണ്ടാണ് അദ്ദേഹം സിറ്റിയെ തിരഞ്ഞെടുത്തു.മറ്റൊരു കാരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ ആഗ്രഹമായിരുന്നു.പ്രീമിയർ ലീഗിൽ കളിക്കാൻ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു.അതുകൊണ്ട് കൂടിയാണ് അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയെ തിരഞ്ഞെടുത്തിട്ടുള്ളത് ‘താരത്തിന്റെ ഏജന്റ് പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിൽ ആകെ 27 മത്സരങ്ങളാണ് ഹാലന്റ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 31 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.19 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച ഈ താരം 25 ഗോളുകളാണ് നേടിയിട്ടുള്ളത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഹാലന്റ് തന്നെയാണ്.

Rate this post