റൊണാൾഡോ കളിക്കുമ്പോൾ ഇനി മെസ്സി..മെസ്സി ചാന്റുകൾ പാടില്ല, നടപടിക്ക് ഒരുങ്ങി സൗദി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ കളിക്കുന്ന കാലം തൊട്ട് തന്നെ റൊണാൾഡോയുടെ എതിർ ടീം ആരാധകർ ഗാലറിയിൽ മെസ്സി ചാന്റുകൾ മുഴക്കിയിരുന്നത് പതിവ് സംഭവമായിരുന്നു. എന്നാൽ റൊണാൾഡോ സൗദിയിലേക്ക് പോയിട്ടും ആ രീതി മാറിയിട്ടില്ല.

അൽ നസ്റിൻ വേണ്ടി റൊണാൾഡോ പന്ത് തട്ടുമ്പോൾ പലപ്പോഴായും എതിർ ടീമിലെ ആരാധകർ മെസ്സി ചാന്റുകൾ മുഴക്കികൊണ്ടിരുന്നു. റൊണാൾഡോയെ കളത്തിൽ തളർത്താൻ എതിർ ടീം ആരാധകർ പുറത്തെടുക്കുന്ന ഒരു സൂത്രമാണ് ഈ മെസ്സി ചാന്റ്.എന്നാലിപ്പോൾ സൗദി ലീഗിലെ മെസ്സി ചാന്റിനെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി പ്രൊ ലീഗിന്റെ ഫിനാൻസ് ആൻഡ്‌ മാർക്കറ്റിംഗ് തലവനായ ഹാഫീസ് അൽ മിദ്ലെജ്.

സൗദി ലീഗിന്റെ മുഖമായ റൊണാൾഡോയ്ക്കെതിരെ മെസ്സി ചാന്റുകൾ മുഴക്കിയാൽ ചാന്റുകൾ മുഴക്കുന്ന ആരാധകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് ഹാഫീസ് അൽ മിദ്ലെജിന്റെ പ്രതികരണം. സൗദി പ്രൊ ലീഗിൽ നിന്നും പൂർണമായും മെസ്സി ചാന്റുകൾ ഒഴിവാക്കാനൊരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്നതാണ് അൽ മിദ്ലെജിന്റെ ഈ പ്രസ്താവന.

അതേ സമയം സൗദി പ്രൊ ലീഗിൽ റൊണാൾഡോയുടെ അൽ നസ്റിന്റെ കാര്യം അത്ര പന്തിയല്ല. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടാൻ അൽ നസ്റിന് സാധിച്ചില്ല. ആദ്യ മത്സരത്തിൽ റൊണാൾഡോ ഇല്ലാതെയാണ് അൽ നസ്ർ ഇറങ്ങിയതെങ്കിലും രണ്ടാം മത്സരത്തിൽ റൊണാൾഡോ ഇറങ്ങിയിട്ടും നസ്റിന് തോൽവി തന്നെയായിരുന്നു.

3.2/5 - (17 votes)
Cristiano RonaldoLionel Messi