അവസാന പരിശീലനവും പൂർത്തിയാക്കി, അർജന്റീനയുടെ സാധ്യത ഇലവൻ ഇതാ! |Qatar 2022

വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങാൻ ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഫ്രാൻസും അർജന്റീനയും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുക. ഇന്ന് രാത്രി 8:30നാണ് ഈ മത്സരം നടക്കുക.ലുസൈൽ സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാവുക.

മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എല്ലാം അർജന്റീന ടീം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. അവസാന പരിശീലന സെഷനും പൂർത്തിയാക്കി കഴിഞ്ഞു. ഫ്രാൻസിനെതിരെ എങ്ങനെ ഇറങ്ങണം എന്നുള്ളത് താൻ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള കാര്യം പത്രസമ്മേളനത്തിൽ തന്നെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അർജന്റീനയുടെ സാധ്യത ഇലവൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

5-3-2 എന്ന ഫോർമേഷനിലായിരിക്കും അർജന്റീന ഫ്രാൻസിനെ നേരിടുക. ഈ വേൾഡ് കപ്പിൽ പലപ്പോഴും സ്കലോണി ഉപയോഗിച്ചിട്ടുള്ള ഒരു ഫോർമേഷൻ കൂടിയാണിത്. പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ ഫോർമേഷൻ സ്കലോണി ഉപയോഗിക്കാറുള്ളത്. 3 സെന്റർ ബാക്കുമാരെയാണ് ഈ ഫോർമേഷനിൽ അർജന്റീന ഉപയോഗിക്കാറുള്ളത്.

ഗോൾ കീപ്പർ സ്ഥാനത്ത് എമിലിയാനോ മാർട്ടിനസ് തന്നെയായിരിക്കും. സെന്റർ ബാക്ക് പൊസിഷനിൽ നിക്കോളാസ് ഓറ്റമെന്റി,റൊമേറോ,ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ കളിക്കും.വലത് വിങ് ബാക്ക് പൊസിഷനിൽ നൂഹെൽ മൊളീനയായിരിക്കും ഉണ്ടാവുക.

ഇടത് വിങ് ബാക്ക് പൊസിഷനിൽ മാർക്കോസ്‌ അക്യൂന സസ്പെൻഷൻ അവസാനിച്ചു തിരിച്ചെത്തും.മിഡ്‌ഫീൽഡിൽ സാധാരണ പോലെ റോഡ്രിഗോ ഡി പോൾ, അലക്സിസ്‌ മാക്ക് ആല്ലിസ്റ്റർ,എൻസോ ഫെർണാണ്ടസ് എന്നിവരായിരിക്കും ഉണ്ടാവുക. മുന്നേറ്റങ്ങൾ നയിക്കുക ലയണൽ മെസ്സിയും ജൂലിയൻ ആൽവരസുമായിരിക്കും.

ഈ സാധ്യത ഇലവനിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാവാൻ ഇടയുണ്ടെങ്കിൽ അത് ഡി മരിയയുടെ കാര്യത്തിലാണ്.ലിസാൻഡ്രോയെ മാറ്റിക്കൊണ്ട് ഡി മരിയ വന്നേക്കും.പക്ഷേ ഫ്രാൻസിന്റെ മുന്നേറ്റ നിര അതിശക്തമായതിനാൽ 5-3-2 എന്ന രീതി തന്നെ പരിശീലകൻ ഉപയോഗിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Rate this post
ArgentinaFIFA world cupLionel MessiQatar2022