യൂറോപ്പിലെ ആദ്യ താരം,ഈ സീസണിൽ പുതിയ നേട്ടവുമായി മെസ്സി.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. രണ്ടിനെതിരെ 7 ഗോളുകൾക്കാണ് പിഎസ്ജി മക്കാബി ഹൈഫയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് ഈ വിജയം പിഎസ്ജി സ്വന്തമാക്കിയിട്ടുള്ളത്.

ഒരിക്കൽക്കൂടി ലയണൽ മെസ്സി തന്റെ മാന്ത്രിക പ്രകടനം പുറത്തെടുത്ത മത്സരം കൂടിയായിരുന്നു ഇന്നലെത്തേത്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി നാല് ഗോളുകളിലാണ് ലയണൽ മെസ്സി തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. ഇതിന് സമാനമായ പ്രകടനം കാഴ്ചവെച്ച കിലിയൻ എംബപ്പേയും മത്സരത്തിൽ തിളങ്ങി നിന്നു.

19ആം മിനുട്ടിൽ ലയണൽ മെസ്സിയാണ് പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്. അസിസ്റ്റ് നൽകിയത് എംബപ്പേയായിരുന്നു.35ആം മിനുട്ടിൽ നെയ്മർ ജൂനിയർ ഒരു ഗോൾ കണ്ടെത്തിയപ്പോൾ ലയണൽ മെസ്സിയായിരുന്നു അസിസ്റ്റ് നൽകിയത്. വൈകാതെ 44ആം മിനുട്ടിൽ എംബപ്പേയുടെ അസിസ്റ്റിൽ നിന്ന് തന്നെ മെസ്സി രണ്ടാം ഗോൾ നേടി.

മത്സരത്തിന്റെ അവസാനത്തിൽ സോളർ പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ അവിടെയും അസിസ്റ്റ് നൽകാൻ മെസ്സി ഉണ്ടായിരുന്നു. അങ്ങനെ മത്സരത്തിൽ നിറഞ്ഞു കളിക്കുന്ന ഒരു മെസ്സിയെയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഈ മത്സരത്തിൽ നാലു ഗോളുകളിൽ പങ്കാളിത്തം വഹിച്ചതോടുകൂടി മെസ്സി ഈ സീസണിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിട്ടുണ്ട്. അതായത് ആകെ ഈ സീസണിൽ 11 ഗോളുകളും 12 അസിസ്റ്റുകളും കരസ്ഥമാക്കാൻ മെസ്സിക്ക് കഴിഞ്ഞു.

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഗോളുകളുടെയും അസിസ്റ്റിന്റെയും കാര്യത്തിൽ രണ്ടക്കം തികയ്ക്കുന്ന ആദ്യത്തെ താരമാണ് ലയണൽ മെസ്സി. അതായത് ആർക്കും തന്നെ പത്തോ അതിലധികമോ ഗോളുകളും അസിസ്റ്റുകളും ഈ സീസണിൽ ഒരുമിച്ച് നേടാൻ കഴിഞ്ഞിട്ടില്ല. അവിടെയാണ് ലയണൽ മെസ്സി എന്ന താരം വ്യത്യസ്തനാവുന്നത്. ഫ്രഞ്ച് ലീഗിലായാലും യുവേഫ ചാമ്പ്യൻസ് ലീഗിലായാലും ഒരുപോലെ മികവ് പുലർത്തുന്ന മെസ്സിയുടെ പ്രകടനം ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

Rate this post