പരിക്ക്, അർജന്റീനയുടെ സൂപ്പർതാരത്തിന് വേൾഡ് കപ്പിലെ ആദ്യ മത്സരം നഷ്ടമാകുമെന്ന് ഉറപ്പാകുന്നു |Qatar 2022 |Argentina

ഒന്നിന് പിറകെ ഒന്നായി സൂപ്പർ താരങ്ങൾക്ക് പരിക്കേൽക്കുന്നത് അർജന്റീനയുടെ ദേശീയ ടീമിന് ഇപ്പോൾ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.പൗലോ ഡിബാല,ഡി മരിയ,നിക്കോളാസ്‌ ഗോൺസാലസ്,പരേഡസ് എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്. മാത്രമല്ല അർജന്റീനയുടെ ഗോൾകീപ്പറായ എമി മാർട്ടിനസിനും കഴിഞ്ഞ ലീഗ് മത്സരത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ താൻ അതിൽ നിന്നും തിരിച്ചുവന്നു എന്നുള്ള കാര്യം എമി മാർട്ടിനസ് തന്നെ അറിയിച്ചതോടെയാണ് ആരാധകർക്ക് ശ്വാസം നേരെ വീണത്.

ഇതിന് പിന്നാലെയായിരുന്നു മറ്റൊരു അർജന്റീന സൂപ്പർതാരമായ ലോ സെൽസോക്കും പരിക്കേറ്റത്. സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിന് വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിന്റെ 25ആം മിനുട്ടിലാണ് ലോ സെൽസോക്ക് പരിക്കേറ്റത്. തുടർന്ന് താരത്തെ പരിശീലകൻ കളത്തിൽ നിന്ന് തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു.

ലോ സെൽസോയുടെ ഇടത് കാലിനാണ് പരിക്ക് ഏറ്റിരിക്കുന്നത്. മസിൽ ഇഞ്ചുറിയാണ് എന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. രണ്ടോ മൂന്നോ ആഴ്ച്ചകൾ ലോ സെൽസോ കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. അതായത് അർജന്റീനയുടെ വേൾഡ് കപ്പിലെ ആദ്യ മത്സരം താരത്തിന് നഷ്ടമാവാൻ സാധ്യതയുണ്ട്.

ഗാസ്റ്റൻ എഡുളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വേൾഡ് കപ്പിനുള്ള അർജന്റീന സ്‌ക്വാഡിൽ പരിശീലകൻ ഈ താരത്തെ ഉൾപ്പെടുത്തിയേക്കും. പക്ഷേ നവംബർ 22 ആം തീയതി നടക്കുന്ന ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരം ലോ സെൽസോ കളിക്കുമോ എന്നുള്ള കാര്യത്തിൽ യാതൊരു ഉറപ്പുകളും ലഭിച്ചിട്ടില്ല.സൗദി അറേബ്യയാണ് ആ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.

മറ്റൊരിടത്ത് അർജന്റീനയുടെ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ പരിശീലനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.വേൾഡ് കപ്പിന് താരം റെഡി ആയിരിക്കുമെന്നുള്ള കാര്യം നേരത്തെ പുറത്തേക്ക് വന്നിരുന്നു. എന്നാൽ വേൾഡ് കപ്പിന് മുന്നേ തന്നെ യുവന്റസിന് വേണ്ടി മരിയ ഒരിക്കൽ കൂടി കളത്തിൽ ഇറങ്ങാനുള്ള സാധ്യതകളെ തള്ളിക്കളയാനുമാവില്ല.