സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ കളിക്കാനിരിക്കുന്ന റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി നൽകി സൂപ്പർതാരത്തിന് പരിക്ക്

കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും ആവേശകരമായ രീതിയിലാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. എന്നാൽ ഈ സീസണിൽ ആ ഫോം അവർക്ക് ആവർത്തിക്കാൻ കഴിയുന്നില്ല. ലീഗ് കിരീടം ബാഴ്‌സലോണക്ക് മുന്നിൽ ഏറെക്കുറെ അടിവരവ് വെച്ചതു പോലെ നിൽക്കുന്ന റയൽ മാഡ്രിഡിന് ഇപ്പോൾ പ്രതീക്ഷയുള്ളത് ചാമ്പ്യൻസ് ലീഗിലും കോപ്പ ഡെൽ റേയിലും മാത്രമാണ്.

ചാമ്പ്യൻസ് ലീഗ് റയൽ മാഡ്രിഡ് തുടർച്ചയായ രണ്ടാം കിരീടമെന്ന ലക്ഷ്യവുമായി സെമി ഫൈനലിൽ എത്തി നിൽക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. അതിനു പുറമെ കോപ്പ ഡെൽ റേ ഫൈനലിലും റയൽ മാഡ്രിഡ് ഇടം പിടിച്ചിട്ടുണ്ട്. ഒസാസുനയാണ് കോപ്പ ഡെൽ റേ ഫൈനലിൽ എതിരാളികൾ എന്നതിനാൽ കിരീടം റയൽ ഉറപ്പിച്ച മട്ടിലാണ്.

അതേസമയം ഈ രണ്ടു ടൂർണമെന്റുകളിലും പ്രധാന പോരാട്ടങ്ങൾ വന്നിരിക്കെ റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ പ്രധാനതാരമായ ലൂക്ക മോഡ്രിച്ചിന് പരിക്ക് പറ്റിയത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. ക്രൊയേഷ്യൻ മധ്യനിര താരത്തിന് നാല് മത്സരങ്ങൾ നഷ്‌ടമാകാൻ സാധ്യതയുണ്ടെന്നിരിക്കെ അതിൽ ഈ രണ്ടു ടൂർണമെന്റുകളിലെ മത്സരങ്ങളും ഉൾപ്പെടുമെന്നാണ് സൂചനകൾ.

റിപ്പോർട്ടുകൾ പ്രകാരം അൽമേരിയ, റയൽ സോസിഡാഡ് എന്നിവർക്കെതിരായ ലീഗ് മത്സരങ്ങളും അതിനു ശേഷം നടക്കുന്ന കോപ്പ ഡെൽ റേ ഫൈനലും താരത്തിന് നഷ്‌ടമാകും. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ സെമി ഫൈനലും മോഡ്രിച്ചിന് നഷ്‌ടമാകാൻ സാധ്യതയുണ്ടെങ്കിലും താരം തിരിച്ചു വരുമെന്ന പ്രതീക്ഷ ടീമിനുണ്ട്. ഹാംസ്ട്രിങ് ഇഞ്ചുറിയാണ് പറ്റിയതെന്നതാണ് റയലിന്റെ ആശങ്ക.

കഴിഞ്ഞ ഏതാനും വർഷങ്ങളായി റയൽ മാഡ്രിഡ് നടത്തുന്ന കുതിപ്പിൽ നിർണായക പങ്കു വഹിക്കുന്ന താരമാണ് ലൂക്ക മോഡ്രിച്ച്. വളരെയധികം പരിചയസമ്പത്തും ബുദ്ധികൂർമതയുമുള്ള, ടീമിന്റെ മുഴുവൻ പ്രകടനത്തെയും മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന താരത്തിന്റെ അഭാവം ഈ മത്സരങ്ങളിൽ റയലിനെ പ്രത്യക്ഷമായി തന്നെ ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Rate this post