തന്നെ പിന്തുടരുന്നത് നിർത്താൻ ഫ്രാൻസ് താരത്തോട് അപേക്ഷിച്ചു, വെളിപ്പെടുത്തലുമായി മൊറോക്കൻ താരം |Qatar 2022

ലോകകപ്പിൽ സെമി ഫൈനൽ വരെ ഒരു സെൽഫ് ഗോൾ മാത്രം വഴങ്ങി, പ്രതിരോധത്തിൽ ശക്തരായ മൊറോക്കോ ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ഫ്രാൻസ് ഖത്തർ ലോകകപ്പ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ഈ ലോകകപ്പിൽ മൊറോക്കോക്കെതിരെ ഫ്രാൻസ് താരങ്ങൾ മാത്രമേ ഗോളടിച്ചിട്ടുള്ളൂ എന്നതും എടുത്തു പറയേണ്ടതാണ്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തിയോ ഹെർണാണ്ടസിലൂടെ ലീഡ് നേടിയ ഫ്രാൻസിനെതിരെ മൊറോക്കോ ശക്തമായ തിരിച്ചുവരവിനായി ശ്രമിച്ചുവെങ്കിലും ഫ്രഞ്ച് പ്രതിരോധം ഇളകാതെ തന്നെ നിന്നു.

മത്സരത്തിൽ മൊറോക്കോയെ കൃത്യമായി പ്രതിരോധിച്ച ഫ്രാൻസ് ടീമിന്റെ പ്രകടനം തന്നെയാണ് ഫൈനലിലേക്ക് അവരെ നയിച്ചത്. മുന്നേറ്റനിര താരങ്ങളടക്കം കൃത്യമായി അവരുടെ ചുമതല ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിനു ശേഷം മൊറോക്കോയുടെ പ്രധാന താരമായ സോഫിയാൻ അംറാബത് പറഞ്ഞ വാക്കുകൾ ഇതിനു തെളിവാണ്. ഒരവസരത്തിൽ ഫ്രാൻസിന്റെ സ്‌ട്രൈക്കറായ ഒലിവർ ജിറൂദിനോട് തന്നെ പിന്തുടരുന്നത് അവസാനിപ്പിക്കാൻ അപേക്ഷിച്ചുവെന്നാണ് മൊറോക്കോക്കു വേണ്ടി ഈ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളായ അംറാബാത് പറഞ്ഞത്.

“അവർ ഞങ്ങളുടെ മൂന്നു സെന്റർ ബാക്കുകളെയും വെറുതെ വിട്ടു. അവരുടെ സ്‌ട്രൈക്കറായ ഒലിവർ ജിറൂദ് മധ്യനിരയിൽ എല്ലായിടത്തും എന്നെ പിന്തുടരുകയും ചെയ്‌തിരുന്നു. ഞാൻ ജിറൂദിനോട് നിർത്താൻ പറഞ്ഞു. പക്ഷെ താരം പറഞ്ഞത് മത്സരത്തിൽ മുഴുവൻ എന്നെ പിന്തുടരാനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട് എന്നായിരുന്നു. കൂടുതലൊന്നും ചെയ്യാൻ കഴിയാത്തതിൽ നിരാശയുണ്ട്. മത്സരത്തിന്റെ തുടക്കം മുതൽ ഫ്രാൻസിന്റെ സമീപനം ഇങ്ങിനെയായിരുന്നു എന്നത് ശരിക്കും ഒരു അഭിനന്ദനം കൂടിയായാണ് കണക്കാക്കേണ്ടത്.” അംറാബാത് പറഞ്ഞു.

“മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങുകയെന്ന മണ്ടത്തരം ചെയ്‌തതിനു ശേഷം അവരുടെ കൈകളിൽ കിടന്നു കളിക്കേണ്ടി വന്നത് ദൗർഭാഗ്യകരമായ കാര്യം തന്നെയായിരുന്നു. അവർക്ക് മുന്നേറ്റനിരയിലുള്ള വേഗത പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും. ടീം ഒരു ഗോളിന് മുന്നിൽ നിൽക്കുമ്പോൾ ഫുട്ബോൾ കളിക്കുക കുറച്ചു കൂടി എളുപ്പമാണ്.” ഇറ്റാലിയൻ ക്ലബായ ഫിയോറന്റീനക്ക് വേണ്ടി കളിക്കുന്ന താരം പറഞ്ഞു.

ഈ ലോകകപ്പിൽ മൊറോക്കോക്ക് വേണ്ടി നടത്തിയ പ്രകടനത്തോടെ ഇവരുടെയും ശ്രദ്ധ കവർന്ന താരമായ അംറാബാത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ താരം ഫിയോറെന്റീന വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ലിവർപൂളിലേക്കാവും അംറാബാത് ചേക്കേറുകയെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ.