ഫുട്ബോളിൽ അപൂർവങ്ങളിൽ അപൂർവ്വമായ സംഭവം, എതിർ ടീമിനെ ഗോളടിക്കാൻ അനുവദിച്ചു

എതിർടീമിലെ താരത്തെ തടുക്കാൻ പോലും നിൽക്കാതെ ഗോളടിക്കാൻ വിട്ട് സ്‌കോട്ടിഷ് ക്ലബായ റേഞ്ചേഴ്‌സ്. കഴിഞ്ഞ ദിവസം സ്‌കോട്ടിഷ് കപ്പിൽ റേഞ്ചേഴ്‌സും പാർട്ടിക്ക് തിസിലും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവമുണ്ടായത്. മത്സരത്തിൽ മൂന്നിനെതിരെ രണ്ടു ഗോളുകൾക്ക് റേഞ്ചേഴ്‌സ് വിജയം നേടിയിരുന്നു.

മത്സരത്തിന്റെ എഴുപത്തിയൊന്നാം മിനുട്ടിലാണ് സംഭവങ്ങളുടെ തുടക്കം. രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി നിൽക്കുന്നതിനിടെ പാർട്ടിക്ക് തിസിൽ ഡിഫൻഡറായ ഹോൾട്ടിന്റെ കാലിൽ നിന്നും പന്തെടുത്ത് റേഞ്ചേഴ്‌സ് താരം മാലിക്ക് റ്റിൽമാൻ ഗോൾ നേടിയിരുന്നു. എന്നാൽ ഈ ഗോൾ രണ്ടു ടീമുകളും തമ്മിൽ വലിയ രീതിയിലുള്ള കയ്യാങ്കളിക്ക് കാരണമായി.

മാലിക്ക് ടിൽമാന് അതിനു മുൻപ് ഫൗൾ നേരിട്ട് പരിക്കേറ്റിരുന്നു. ഇതേതുടർന്ന് നിർത്തി വെച്ച മത്സരം വീണ്ടും ആരംഭിച്ചപ്പോൾ പാർട്ടിക്ക് താരങ്ങൾ ബോൾ പൊസഷൻ റേഞ്ചേഴ്‌സിന് തന്നെ തിരിച്ചു നൽകാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ ഹോൾട്ട് പന്ത് നിയന്ത്രിക്കാൻ പരാജയപ്പെട്ടപ്പോൾ ടിൽമാൻ അതെടുക്കുകയും വേഗതയുള്ള മുന്നേറ്റം നടത്തി ഗോൾ നേടുകയും ചെയ്‌തു.

പൊസഷൻ തിരിച്ചു നൽകാൻ ശ്രമിക്കുന്നതിനിടെ ടിൽമാൻ ഗോൾ നേടിയതാണ് മത്സരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനു കാരണമായത്. ഇതേതുടർന്ന് റേഞ്ചേഴ്‌സ് താരങ്ങളും പരിശീലകനുമെല്ലാം കൂടിയാലോചിച്ച് എതിരാളിയെ ഗോളടിക്കാൻ സമ്മതിക്കുകയായിരുന്നു. മത്സരത്തിന്റെ ഗോൾ കിക്കിൽ നിന്നും പന്തെടുത്ത് മുന്നേറി സ്‌കോട്ട് ടിഫോണിയാണ് ഗോൾ നേടിയത്.

എന്നാൽ മനഃപൂർവം ഗോൾ വഴങ്ങാനുള്ള തീരുമാനം റേഞ്ചേഴ്‌സ് ആരാധകർ നല്ല രീതിയിലല്ല സ്വീകരിച്ചത്. ടിഫോണി പന്തുമായി മുന്നേറുമ്പോൾ ആരാധകർ കൂക്കി വിളിച്ചിരുന്നു. ഇതിനു പുറമെ റേഞ്ചേഴ്‌സ് ഗോൾകീപ്പർ താരത്തെ തടുക്കാനും ശ്രമിച്ചു. എന്നാൽ മത്സരത്തിൽ റേഞ്ചേഴ്‌സിന്റെ വിജയം തടുക്കാൻ അവർക്കായില്ല. എൺപത്തിയാറാം മിനുട്ടിൽ ജെയിംസ് സാൻഡ്‌സ് ആണ് വിജയഗോൾ നേടിയത്.

Rate this post