ഫ്രാൻസിനൊപ്പം ലോകകപ്പ് കിരീടം നേടിയ താരവും പറയുന്നു ❛ലയണൽ മെസ്സി ലോകകപ്പ് കിരീടം അർഹിക്കുന്നു..❜ |Qatar 2022

ഖത്തർ ലോകകപ്പിൽ ഫ്രാൻസും അർജന്റീനയും തമ്മിലുള്ള ഫൈനലിൽ ഫ്രാൻസിന് തന്നെയാണ് മുന്തൂക്കമുള്ളത്. എന്നാൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പിന്തുണയാണ് നോക്കുന്നതെങ്കിൽ അതിൽ അർജന്റീന വളരെയധികം മുന്നിലാണ്. ലയണൽ മെസിയെന്ന താരത്തിന്റെ സാന്നിധ്യം തന്നെയാണ് അതിനു കാരണം. തന്റെ അവസാനത്തെ ലോകകപ്പ് കളിക്കുന്ന ചരിത്രം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസി കിരീടം നേടട്ടേയെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ഫ്രാൻസിനൊപ്പം 1998 ലോകകപ്പ് നേടിയ ഡേവിഡ് ട്രെസഗെയും അതിലൊരാളാണ്.

ഫ്രാൻസിലാണ് ജനിച്ചതെങ്കിലും അർജന്റീനയിൽ വളർന്ന ഡേവിഡ് ട്രെസഗെ ഫ്രാൻസിനു വേണ്ടി കളിക്കാനാണ് തീരുമാനിച്ചത്. ഫ്രാൻസിനൊപ്പം 1998 ലോകകപ്പും 2000 യൂറോയും നേടാനും താരത്തിന് കഴിഞ്ഞു. 2006 ലോകകപ്പിൽ ഇറ്റലിയോട് ഫൈനലിൽ തോറ്റ ഫ്രാൻസ് ടീമിനൊപ്പം താരം ഉണ്ടായിരുന്നു. ലോകകപ്പ് ഫൈനലിൽ എത്തിയ രണ്ടു ടീമുകളുമായും ട്രെസഗെയുമായി ബന്ധമുള്ളവരായതിനാൽ തന്നെ വ്യക്തിപരമായി താരത്തിന് വളരെയധികം സമ്മർദ്ദമാണ് ഈ ലോകകപ്പ് ഫൈനൽ നൽകുന്നത്. കഴിഞ്ഞ ദിവസം അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ഇതേക്കുറിച്ചു താരം പറയുകയും ചെയ്‌തു.

“ഞാനിത് പറഞ്ഞു കൊണ്ടിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസിയുടെ അവസാനത്തെ ലോകകപ്പാണിത്. ലിയോ ചാമ്പ്യൻപട്ടം അർഹിക്കുന്നു. മെസി ആളുകളെ സ്വപ്‌നം കാണാൻ സഹായിച്ചു. അതു പക്ഷെ ലോകകപ്പ് നേടണമെന്ന ഫ്രാൻസിന്റെ സ്വപ്‌നം ഇല്ലാതാകുന്നില്ല. ഫ്രാൻസ് ലോകചാമ്പ്യന്മാരാവാനാണ് എത്തിയിരിക്കുന്നത്. അതിൽ സംശയമില്ല. പക്ഷെ വ്യത്യാസം പ്രായമാണ്. ലയണൽ മെസി തന്റെ കരിയറിന്റെ അവസാനത്തിൽ നിൽക്കുകയാണ്. എംബാപ്പെ ഇപ്പോൾ തുടങ്ങി നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കി മുന്നേറുന്നു.”

“പിഎസ്‌ജിയിൽ ഒരുമിച്ചു നിൽക്കുമ്പോൾ അവർ രണ്ടു പേരും മികച്ചവരാണ്. പക്ഷെ അർജന്റീന മെസിക്ക് വേണ്ടിയാണ് കളിക്കുന്നത്. എല്ലാം മെസിയുടെ കടന്നു പോകുന്നു. എന്ന സംബന്ധിച്ച് ഇത് വളരെ ബുദ്ധിമുട്ടേറിയ ദിവസമാണ്, വ്യക്തിപരമായും വൈകാരികപരമായും. ഇതെനിക്ക് ആഗ്രഹമുണ്ടായിരുന്നു കാര്യമല്ല, പക്ഷെ ഈ ഫൈനൽ മികച്ചതായിരിക്കും. രണ്ടു മികച്ച ടീമുകളാണ് ലോകകപ്പ് ഫൈനലിൽ എത്തിയിരിക്കുന്നത്.” ട്രെസഗെ പറഞ്ഞു.

Rate this post