ഇവാനും ബ്ലാസ്റ്റേഴ്സിനും വലിയ പിന്തുണയുമായി താരങ്ങൾ ,ഗോൾ അനുവദിച്ച തീരുമാനം തെറ്റെന്നും മുൻ റഫറിമാർ

കേരള ബ്ലാസ്റ്റേഴ്സിനെതിരായ നോക്കൗട്ട് മത്സരത്തിൽ ഫ്രീകിക്കിലൂടെ സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിൻ്റെ തീരുമാനം തെറ്റെന്ന് വിദഗ്ധാഭിപ്രായം. മുൻ കളിക്കാരും റഫറിമാരും ഈ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്ത് വരികയും ചെയ്തു.മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ സുനിൽ ഛേത്രി എടുത്ത പെട്ടെന്നുള്ള ഫ്രീകിക്ക് വലയിൽ പതിക്കുകയായിരുന്നു.റഫറി അത് ഗോൾ അനുവദിച്ചതോടുകൂടിയാണ് വിവാദങ്ങൾ ആരംഭിച്ചത്.

പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ നിർദ്ദേശപ്രകാരം താരങ്ങൾ കളം വിടുകയായിരുന്നു. മത്സരത്തിൽ ബംഗളൂരു എഫ്സിയെ വിജയിച്ചതായി പ്രഖ്യാപിക്കുകയും അവർ സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ചേത്രി നേടിയത് ഗോളാണോ അല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും തർക്കങ്ങൾ മുറുകുകയാണ്. കിക്ക് എടുക്കുന്ന സുനിൽ ഛേത്രിക്ക് തീരുമാനമെടുക്കാനുള്ള അധികാരം എന്തിനാണ് റഫറി നൽകിയത് എന്ന് മുൻ ഐഎസ്എൽ താരവുമായ മാഴ്സെലിഞ്ഞോ ചോദിച്ചു.

അത് കൃത്യമായി റഫറിയുടെ പിഴവാണ്. ഫ്രീ കിക്ക് എതിർ ടീമിന് അപകടകരമായ സ്ഥലത്താണ് നൽകിയത്. അതുകൊണ്ട് തന്നെ ഗോൾ കീപ്പർ തയ്യാറായി, വാൾ സെറ്റ് ചെയ്തതിനു ശേഷം മാത്രം കിക്കെടുക്കാൻ റഫറി ശ്രദ്ധിക്കേണ്ടതായിരുന്നു.കിക്ക് എടുക്കുന്ന താരത്തിന് തീരുമാനം എടുക്കാനുള്ള അധികാരം നൽകുകയല്ല വേണ്ടത് അദ്ദേഹം പറഞ്ഞു. എഫ്സി ഗോവയുടെ സൂപ്പർതാരവും മുൻ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരവുമായിരുന്ന ആൽവരോ വസ്ക്വസ് റഫറിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്.ആ മത്സരം ഇങ്ങനെ അവസാനിക്കേണ്ടി വന്നത് നാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നിരുന്നാലും ക്ലബ്ബിന്റെയും പരിശീലകന്റെയും പ്രവർത്തി വളരെ ധീരമായ ഒന്നു തന്നെയാണ്. ഇനി കൂടുതൽ നീതിയുള്ള,തുല്യതയുള്ള മത്സരങ്ങൾ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിശ്ചിത സമയത്ത് ഒരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൻ്റെ അധികസമയത്താണ് വിവാദമുണ്ടായത്. 97ആം മിനിട്ടിൽ ലഭിച്ച ഫ്രീ കിക്ക് പകരക്കാരനായെത്തിയ സുനിൽ ഛേത്രി പെട്ടെന്ന് വലയിലാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചില്ല. തങ്ങൾ തയാറാവുന്നതിനു മുൻപാണ് ഛേത്രി കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച് താരങ്ങളെ തിരികെവിളിക്കുകയായിരുന്നു.

Rate this post
Kerala Blasters