എംബാപ്പയെ ഉപനായകനാക്കിയതിനു പിന്നാലെ പിഎസ്ജി താരം ക്ലബ് വിടാനൊരുങ്ങുന്നു
കഴിഞ്ഞ ദിവസം പിഎസ്ജിയുടെ ഉപനായകനായി കിലിയൻ എംബാപ്പയെ നിയമിക്കാനുള്ള പിഎസ്ജിയുടെ തീരുമാനം ചെറിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. അതുവരെ വൈസ് ക്യാപ്റ്റനായിരുന്ന പ്രെസ്നാൽ കിംപെംബെ തന്നോട് ചോദിക്കാതെയാണ് എംബാപ്പയെ നിയമിച്ചതെന്ന് പരസ്യമായി അറിയിക്കുകയുണ്ടായി. ക്ലബ്ബിന്റെ തീരുമാനം എന്താണെങ്കിലും അതിനെ അംഗീകരിക്കുമെന്നും താരം പറഞ്ഞിരുന്നു.
ഈ വിവാദങ്ങൾക്ക് പിന്നാലെ പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറും കിംപെംബെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാന നായകനായ മാർക്വിന്യോസിനു പുറമെ ക്ലബിന് നാല് ഉപനായകന്മാരുണ്ടെന്നും അതിൽ കിംപെംബെയും ഉൾപ്പെടുന്നുണ്ടെന്നും താരത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ആരെ നായകനായി നിയമിക്കുമെന്ന കാര്യത്തിൽ താൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
എന്നാൽ കിംപെംബെ പിഎസ്ജി വിടാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്തു വിടുന്നത്. ഗാൾട്ടിയരുടെ 3-4-3 ശൈലിയിൽ താരത്തിന് സ്ഥിരമായി ഇടമുണ്ടെങ്കിലും മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നതിനാണു താരമിപ്പോൾ പരിഗണന കൊടുക്കുന്നത്. തന്നോട് ഒരു വാക്കു പോലും പറയാതെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കിയത് താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.
പിഎസ്ജി വിടുകയാണെങ്കിൽ കിംപെംബെയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തുണ്ട്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡാണ്. ഫെലിപെ ഈ സമ്മറിൽ ക്ലബ് വിടാനുള്ള സാധ്യതയുള്ളതിനാൽ പുതിയ സെൻട്രൽ ഡിഫൻഡർമാരെ പരിശീലകനായ സിമിയോണി തേടുന്നുണ്ട്. സ്ക്രിനിയാറേയും അത്ലറ്റികോക്ക് താൽപര്യമുണ്ടെങ്കിലും താരം പിഎസ്ജിയിൽ എത്താനാണ് സാധ്യത.
🚨 Atlético Madrid have been interested in Presnel Kimpembe for several months. 🔍
— Transfer News Live (@DeadlineDayLive) January 25, 2023
The Spanish club could make a move again for the defender, who posted on his social media stating that no-one at PSG told him he'd lost his vice-captaincy to Mbappé.
(Source: @le_Parisien_PSG) pic.twitter.com/z1QQgaIwrA
നിരവധി വർഷങ്ങളായി ക്ലബിനൊപ്പം തുടരുന്ന കിംപെംബെ മറ്റൊരു ക്ലബ് തേടി പോവുകയാണെങ്കിൽ അത് പിഎസ്ജിക്ക് തിരിച്ചടി നൽകും. നിലവിൽ ടീമിൽ കളിക്കുന്ന സെർജിയോ റാമോസ് കരിയറിന്റെ അവസാന ഘട്ടത്തിലാണ്. സ്ക്രിനിയർ എത്തുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അത് കൂടാതെ മറ്റൊരു താരത്തെക്കൂടി എത്തിക്കേണ്ട സാഹചര്യമാണ് ഫ്രഞ്ച് ക്ലബിനുള്ളത്.