ടോണി ക്രൂസിനെ കൂവി സൗദിയിലെ ഫുട്ബോൾ ആരാധകർ. കാരണം റയൽ സൂപ്പർതാരത്തിന്റെ പ്രസ്താവന.

സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ റയൽ മാഡ്രിഡ് സ്ഥാനം പിടിച്ചപ്പോൾ ടോണി ക്രൂസ് പന്ത് തൊട്ടപ്പോഴെല്ലാം സൗദിയിലെ ഫുട്ബോൾ ആരാധകർ കൂവുകയായിരുന്നു. ആരാധകരെ ത്രസിപ്പിച്ച സൂപ്പർ കപ്പിന്റെ സെമിഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ അധികസമയത്ത് മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപ്പിച്ച് ഫൈനലിൽ കടന്നു.

മത്സരത്തിന്റെ 67 മത്തെ മിനിറ്റിൽ മോഡ്രിചിന് പകരക്കാരനായി ജർമ്മൻ മിഡ്ഫീൽഡർ കളത്തിലിറങ്ങി.പന്തിൽ തൊടുമ്പോഴെല്ലാം ക്രൂസിനെ ആരാധകർ ടാർഗെറ്റുചെയ്‌തു, അതേസമയംതന്നെ മിസ് പാസുകൾ സൗദി ആരാധകർ ആഘോഷിക്കുകയും ചെയ്തു.സൗദി അറേബ്യയിൽ സൃഷ്ടിച്ച ഫുട്ബോൾ തരംഗത്തെക്കുറിച്ച് മോശം രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയതിനാണ് ടോണി ക്രൂസിനെതിരെ സൗദി ഫുട്ബോൾ ആരാധകർ രംഗത്ത് വന്നിരിക്കുന്നത്. മിഡിൽ ഈസ്റ്റിലേക്ക് ഫുട്ബോൾ താരങ്ങൾ മാറാനുള്ള തീരുമാനം ‘ഫുട്‌ബോളിന് എതിരാണ്’ എന്ന അഭിപ്രായ പ്രകടനമാണ് താരത്തിന് വിനയായിരിക്കുന്നത്. എന്നിരുന്നാലും, ഗെയിമിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തപ്പോൾ ഇതിനെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെയായിരുന്നു : ‘ഇന്ന് അത് രസകരമായിരുന്നു! അവിശ്വസനീയ ജനക്കൂട്ടം’. എന്നാണ്.

സൗദി പ്രോ ലീഗിൽ ചേരുന്ന കളിക്കാരെ കുറിച്ച് ക്രൂസ് മുമ്പ് നിരവധി അഭിപ്രായങ്ങൾ നടത്തിയിരുന്നു.21 വയസ്സുള്ള മുൻ സെൽറ്റ വിഗോ മിഡ്‌ഫീൽഡർ മുമ്പ് ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, നാപ്പോളി എന്നിവരുടെ ഓഫറുകൾ ലഭിച്ച ശേഷവും അൽ-അഹ്‌ലിയിൽ ചേരാനുള്ള ഗബ്രി വീഗയുടെ തീരുമാനം ‘നാണക്കേട്’ എന്ന് ടോണി ക്രൂസ് പറഞ്ഞിരുന്നു. ഇതൊക്കെ സൗദിയിലെ ഫുട്ബോൾ ആരാധകർക്ക് മറക്കാൻ കഴിയുമായിരുന്നില്ല. തങ്ങളുടെ ഇഷ്ട ക്ലബ്ബിലെ താരമായിട്ട് പോലും ടോണി ക്രൂസിനെ വിടാൻ സൗദി ഫുട്ബോൾ ആരാധകർ ഒരുക്കമായിരുന്നില്ല.

ക്രിസ്ത്യാനോ റൊണാൾഡോ എടുത്ത തീരുമാനത്തെക്കുറിച്ചും അന്ന് അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയിരുന്നു. കരിയറിന്റെ അവസാനഘട്ടത്തിൽ എടുക്കാൻ പറ്റിയ തീരുമാനമാണ് സൗദിയിലെ ഫുട്ബോൾ, അതുകൊണ്ട് റൊണാൾഡോയുടെ തീരുമാനം അതിശയിപ്പിക്കുന്നില്ല. എന്നാൽ യുവതാരങ്ങൾ യൂറോപ്പ് വിട്ട് സൗദിയിലേക്ക് ചേക്കേറാനെടുക്കുന്ന തീരുമാനം ഫുട്ബോളിന് ആപത്താണ്, അവരുടെ കരിയർ നശിപ്പിക്കുമെന്നുള്ള തീരുമാനമാണ് സൗദി ഫുട്ബോൾ എന്ന വിവാദ പ്രസ്താവന താരത്തിന് ഇപ്പോൾ തിരിച്ചടിയായി.

മറ്റൊരു അഭിമുഖത്തിൽ ‘അവർ അവിടെ അതിമോഹമുള്ള ഫുട്‌ബോൾ കളിക്കുമെന്ന് പറയപ്പെടുന്നു, പക്ഷേ ഇതെല്ലാം പണത്തെക്കുറിച്ചാണ്. ഇത് പണത്തിനും ഫുട്ബോളിനും എതിരായ തീരുമാനമാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതും ഇഷ്ടപ്പെടുന്നതുമായ ഫുട്ബോളിന് അത് ബുദ്ധിമുട്ടായി തുടങ്ങുന്നത് അപ്പോഴാണ്.”ടോണി ക്രൂസ് പറഞ്ഞിരുന്നു.

എന്നാൽ റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി അൽ-അവ്വൽ സ്റ്റേഡിയത്തിൽ മിഡ്ഫീൽഡർക്ക് നേരെ ആരാധകർ വിസിൽ മുഴക്കുന്നത് തനിക്ക് മനസ്സിലായില്ല എന്നാണ് പറഞ്ഞത്. സഹതാരത്തിന് ലഭിച്ച മോശം സ്വീകരണം വകവയ്ക്കാതെ, അൽ-അവ്വൽ സ്റ്റേഡിയത്തിലെ പിന്തുണക്കാരെയും അന്തരീക്ഷത്തെയും ഡാനി കാർവഹാൽ പ്രശംസിക്കുകയും ചെയ്തു.

ഇന്ന് നടക്കുന്ന ബാഴ്സലോണ-ഒസാസുന സെമിഫൈനൽ മത്സരത്തിലെ വിജയികളുമായി റയൽ മാഡ്രിഡ് സൂപ്പർ കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 12 30നാണ് രണ്ടാം സെമി ഫൈനൽ. ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം.

Rate this post