ഖത്തർ ഫൈനലിൽ അർജന്റീന നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടുമ്പോൾ എല്ലാ കണ്ണുകളും സൂപ്പർ താരം ലയണൽ മെസ്സിയിലാരിക്കും . തന്റെ മഹത്തായ കരിയറിൽ മെസ്സിയെ ഒഴിവാക്കിയ കിരീടം നേടാനുള്ള അവസാന അവസരം കൂടിയാണിത്. അഞ്ചാം വേൾഡ് കപ്പ് കളിക്കുന്ന മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനം വന്നത് ഖത്തറിൽ ആണ്. ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകളും മൂന്നു അസിസ്റ്റും താരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വേൾഡ് കപ്പ് റെക്കോർഡുകളും മെസ്സി തകർത്തു.
ഫൈനൽ പോരാട്ടത്തിൽ മെസി കളത്തിലിറങ്ങിയാൽ തന്നെ രണ്ട് റെക്കോർഡുകൾ തേടിയെത്തും. ലോകകപ്പിൽ ഏറ്റവുമധികം മത്സരം കളിച്ച താരമെന്ന റെക്കോർഡാണ് ഒന്നാമത്തേത്. ഫൈനൽ പോരാട്ടം മെസിയുടെ ലോകകപ്പ് കരിയറിലെ 26-ാംമത്തേതാണ്. ഇതോടെ 25 മത്സരമെന്ന ലോഥർ മത്തേവൂസിന്റെ റെക്കോർഡ് മെസി മറികടക്കും. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 2194 മിനിറ്റാണ് മെസി പന്ത് തട്ടിയത്. ഫൈനൽ പോരാട്ടത്തിൽ 24 മിനിറ്റ് കളിക്കാനായാൽ ഇക്കാര്യത്തിലും റെക്കോർഡ് മെസിയുടെ പേരിലാകും. 2217 മിനിറ്റ് കളിച്ച ഇറ്റലിയുടെ ഇതിഹാസതാരം പൗളോ മാൾദിനിയുടെ പേരിലാണ് നിലവിലെ റെക്കോർഡ്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നൽകുന്ന താരമായി മെസ്സിക്ക് മാറാൻ ആകും.ലയണൽ മെസ്സി മൊത്തം 19 ഗോളുകളിൽ അസിസ്റ്റും ഗോളുമായി ഭാഗമായിട്ടുണ്ട്. ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെ , ബ്രസീലിന്റെ റൊണാൾഡോ എന്നിവരോടൊപ്പമാണ് മെസ്സി ഈ കണക്കിൽ ഉള്ളത്. ഒരു ഗോളോ അസിസ്റ്റോ ഇന്ന് നേടിയാൽ മെസ്സിക്ക് ഇരുവരെയും മറികടക്കാം.
ഫൈനലിൽ അർജന്റീന ജയിച്ചാൽ ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങളിലെ വിജയം നേടിയ താരമെന്ന റെക്കോർഡിലും മെസിക്ക് പങ്കാളിയാകും. നിലവിൽ ലോകകപ്പിലെ 16 മത്സരങ്ങളാണ് മെസി വിജയിച്ചത്. ഫൈനൽ കൂടി വിജയിച്ചാൽ ഇക്കാര്യത്തിൽ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്താൻ മെസിക്കാകും.ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് എന്നതിലും മെസ്സിക്ക് റെക്കോർഡ് ഇടാം. ഇതിഹാസ ബ്രസീലിയൻ ഫുട്ബോൾ താരം പെലെയ്ക്ക് ഒരു അസിസ്റ്റ് മാത്രം പിന്നിൽ ആണ് മെസ്സിം. ടൂർണമെന്റിൽ ആകെ 9 അസിസ്റ്റുകൾ മെസ്സി നേടി. പെലെക്ക് 10 അസിസ്റ്റ് ഉണ്ട്.
ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിനും മെസിക്ക് സാധ്യതയേറെയാണ്. മുമ്പ് 2014 ലോകകപ്പിൽ ഈ പുരസ്കാരം മെസി നേടിയതാണ്. ഇക്കുറി വീണ്ടും ഈ പുരസ്കാരം ലഭിച്ചാൽ ലോകകപ്പ് ചരിത്രത്തിൽ ഒന്നിലധികം തവണ ഗോൾഡൻ ബോൾ ജേതാവാകുന്ന ആദ്യ താരമായി മെസി മാറും.ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് എന്നിവ നേടുന്ന എട്ടാമത്തെ മാത്രം താരമാകാൻ മെസ്സിക്ക് അവസരമുണ്ട്.