ലോകകപ്പ് ഫൈനലിൽ മെസ്സിയുടെ ഗോൾ അനുവദിച്ചതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി റഫറി |FIFA World Cup

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളിൽ ഒന്നാണ് ഖത്തറിൽ അരങ്ങേറിയത്. ആവേശകരമായ മത്സരമായതിനാൽ വിവാദങ്ങൾക്ക് ഒട്ടും കുറവും ഉണ്ടായിരുന്നില്ല. റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ഫൈനലിൽ പരാജയപ്പെട്ട ഫ്രാൻസ് ടീമിന്റെ ആരാധകർ നിരവധി വിമർശനങ്ങൾ ഉന്നയിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

ഫൈനൽ നിയന്ത്രിച്ച പോളിഷ് റഫറി സിമോൺ മാർസിനിയാക് അർജന്റീനക്ക് അനുകൂലമായി പല തീരുമാനങ്ങളും എടുത്ത് എന്ന് ഫ്രാൻസ് ആരാധകർ ആരോപിച്ചിരുന്നു.കൈലിയൻ എംബാപ്പെയുടെ ശ്രദ്ധേയമായ ഹാട്രിക് ഉണ്ടായിരുന്നിട്ടും ലെസ് ബ്ലൂസിന് ഖത്തറിൽ കിരീടം നിലനിർത്താനുള്ള അവസരം നഷ്ടമായിരുന്നു. നിശ്ചിത സമയത്തിനും എക്സ്ട്രാ ടൈമിന് ശേഷവും ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയും ഗോൾ കീപ്പർ എമി മാർട്ടിനെസിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ അര്ജന്റീന കിരീടം സ്വന്തമാക്കുകയും ചെയ്തു.

ലയണൽ മെസ്സിയുടെയും എയ്ഞ്ചൽ ഡി മരിയയുടെയും ഗോളുകളിൽ ആദ്യ പകുതിയിൽ മുന്നിലെത്തിയ അർജന്റീനയെ 80-ാം മിനിറ്റിലും 81-ാം മിനിറ്റിലും കൈലിയൻ എംബാപ്പെ വലകുലുക്കിയതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു.എക്സ്ട്രാ ടൈമിൽ ലയണൽ മെസ്സിയിലൂടെ അര്ജന്റീന മുന്നിലെത്തി . ഫ്രാൻസ് ​ഗോൾ കീപ്പർ ഹ്യൂ​ഗോ ലോറിസിൽ നിന്നും റീബൗണ്ടിൽ നിന്ന് ലഭിച്ച പന്ത് മെസി ​ഗോൾ വര കടത്തുകയായിരുന്നു. താരം ഓഫ്സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാർ പരിശോധനയിൽ അല്ലെന്ന് വ്യക്തമായിരുന്നു.കളിക്കളത്തിൽ പകരക്കാരനായ കളിക്കാരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി അർജന്റീനയുടെ മൂന്നാം ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നത്.

മെസ്സി ഗോൾ നേടുന്നതിന് മുമ്പ് തന്നെ രണ്ട് അർജന്റീനിയൻ പകരക്കാർ കളത്തിൽ പ്രവേശിച്ചതായി കാണിക്കുന്ന ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.നൂറ്റിയെട്ടാം മിനുട്ടിൽ ലൗറ്റാറോ മാർട്ടിനസിന്റെ ഷോട്ടിന്റെ റീബൗണ്ടിൽ നിന്നും ലയണൽ മെസി ഗോൾ നേടുമ്പോൾ അർജന്റീന ബെഞ്ചിലുള്ള രണ്ടു താരങ്ങൾ മൈതാനത്താണ് നിന്നിരുന്നത്.പന്ത് ഗോൾവര കടക്കുന്നതിനു മുൻപ് തന്നെ ഈ താരങ്ങൾ മൈതാനത്ത് എത്തിയിരുന്നതിനാൽ ആ ഗോൾ അനുവദിക്കാൻ കഴിയുമായിരുന്നില്ലെന്നും എന്നാൽ വീഡിയോ റഫറി അത് പരിശോധിച്ചില്ലെന്നും പറയുന്നു.

ഫ്രഞ്ച് മാധ്യമങ്ങൾ ഉൾപ്പെടെ ഈ വിഷയത്തിന് വലിയ വാർത്താ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ മത്സരം നിയന്ത്രിച്ച പോളിഷ് റഫറി ഷിമന്‍ മാഴ്സിനിയാക്ക് ഈ വിഷയത്തിൽ മറുടി പറഞ്ഞിരിക്കുകയാണ്.മെസ്സിയുടെ ഗോളിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നതോടെ മൊബൈൽ എടുത്ത ഷിമന്‍ മാഴ്സിനിയാക്ക് എംബാപ്പെ നേടിയ ഒരു ​ഗോളിന്റെ വീഡിയോ ആണ് കാണിച്ചത്. ഫ്രഞ്ചുകാർ എന്തുകൊണ്ട ഈ ചിത്രം പരാമർശിക്കുന്നില്ല എന്ന അദ്ദേഹം ചോദിച്ചു.എംബാപ്പെ ഗോൾ നേടുമ്പോൾ ഏഴ് ഫ്രഞ്ചുകാർ മൈതാനത്ത് ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും എന്നാണ് പോളിഷ് റഫറി പ്രതികരിച്ചത്.

.എംബാപ്പെ എക്സ്ട്രാ ടൈമിൽ പെനാൽറ്റിയിലൂടെ ​ഗോൾ നേടുമ്പോഴാണ് ഏഴോളം ഫ്രഞ്ച് താരങ്ങൾ അധികമായി മൈതാനത്തുണ്ടായിരുന്നത്. ഫൈനൽ റീപ്ലേ ചെയ്യണമെന്ന അപേക്ഷ ഫ്രാൻസിൽ 200,000 ഒപ്പ് എത്തിയതിന് പിന്നാലെയാണ് റഫറിയുടെ പ്രതികരണം. മെസ്സിയുടെ ഗോളിന്റെ വിവാദത്തിനൊപ്പം, അർജന്റീനയുടെ ഓപ്പണിംഗ് രണ്ട് ഗോളുകളുടെ ബിൽഡ്-അപ്പിൽ ഉസ്മാൻ ഡെംബെലെയ്ക്കും എംബാപ്പെയ്ക്കും എതിരായ തീരുമാനങ്ങളി ഫ്രഞ്ച് ആരാധകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.