2014 ലോകകപ്പ് കണ്ട അർജന്റീന ആരാധകർ മറക്കാത്ത പേരാണ് മാർട്ടിൻ ഡെമിഷെലിസിന്റേത്. അർജന്റീന ഫൈനൽ കളിച്ച ആ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ബെഞ്ചിലായിരുന്നെങ്കിലും അതിനു ശേഷം നടന്ന നോക്ക്ഔട്ട് മത്സരങ്ങളിലെല്ലാം താരം കളിച്ചിരുന്നു. പ്രതിരോധനിരയിൽ വിശ്വസ്തനായ താരത്തിന് പക്ഷെ അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകാനായില്ല.
നിലവിൽ അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിന്റെ പരിശീലകനാണ് ഡെമിഷെലിസ്. തന്റെ മുൻ ക്ലബായ ബയേൺ മ്യൂണിക്കിൽ സഹപരിശീലകനായും അണ്ടർ 19, യൂത്ത് ടീമുകളുടെ പരിശീലകനായും തുടങ്ങിയ അദ്ദേഹം ആദ്യമായാണ് ഒരു സീനിയർ ടീമിന്റെ പരിശീലകനാകുന്നത്. എന്തായാലും അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനമാണ് അർജന്റീനിയൻ ക്ലബ് നടത്തുന്നത്.
ഡെമിഷെലിസിനു കീഴിൽ റിവർപ്ലേറ്റ് പതിനൊന്നു മത്സരങ്ങൾ കളിച്ചപ്പോൾ ഒമ്പതെണ്ണത്തിലും അവർ വിജയം നേടി രണ്ടെണ്ണത്തിൽ തോൽവി വഴങ്ങി. ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടീം ഇരുപത്തിയൊന്ന് ഗോളുകൾ നേടി ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമായി നിൽക്കുമ്പോൾ അഞ്ചു ഗോളുകൾ വഴങ്ങി ലീഗിൽ കുറവ് ഗോളുകൾ വഴങ്ങിയ ടീമുകളിൽ ഒന്നുകൂടിയാണ്.
മികച്ച നിരവധി പരിശീലകരെ ഫുട്ബോൾ ലോകത്തിനു സംഭാവന ചെയ്യുന്ന രാജ്യമാണ് അർജന്റീന. ലയണൽ സ്കലോണി, ഡീഗോ സിമിയോണി, മൗറീസിയോ പോച്ചട്ടിനോ, മാഴ്സലോ ബിയൽസ എന്നിവരെല്ലാം അതിലുൾപ്പെടുന്നു. അതിലേക്ക് പുതിയൊരു പേര് കൂടി ചേർത്ത് വെക്കാനുള്ള തുടക്കമാണ് മുൻ ബയേൺ, മാഞ്ചസ്റ്റർ സിറ്റി താരത്തിന് ലഭിച്ചിരിക്കുന്നത്.
The River Plate of Martín Demichelis since he became the coach in La Liga Profesional 2023:
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 14, 2023
– 11 games played
– 9 wins
– 2 losses
– 21 goals scored
– 5 goals conceded
– First on the table
– Most goals scored in the league.
– Fewest goals conceded with San Lorenzo in the league. pic.twitter.com/rrKNRZCEFW
2014 ലോകകപ്പിന് പുറമെ അർജന്റീനക്ക് വേണ്ടി കോപ്പ അമേരിക്ക, കോൺഫെഡറേഷൻസ് കപ്പ് എന്നിവയിലും ഡെമിഷെലിസ് റണ്ണർ അപ്പ് ആയിട്ടുണ്ട്. ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി എന്നിവക്കൊപ്പം ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഡെമിഷെലിസ് ഒരിക്കൽ ചാമ്പ്യൻസ് ലീഗിലും റണ്ണറപ്പായി. ബയേണിനൊപ്പം നാല് ലീഗുൾപ്പെടെ പതിനൊന്നു കിരീടങ്ങൾ നേടിയിട്ടുള്ള താരം സിറ്റിക്കൊപ്പം മൂന്നു കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.