ആ മൂവർ സംഘം അതിശയിപ്പിച്ചു കളഞ്ഞു: അർജന്റീനയുടെ യുവതുർക്കികളെ കുറിച്ച് ലിയോ മെസ്സി

അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയത് ഏറെ പ്രതിസന്ധികളെ മറികടന്നു കൊണ്ടായിരുന്നു.പ്രത്യേകിച്ച് ആദ്യ മത്സരത്തിൽ ദുർബലരോട് പരാജയപ്പെട്ട അർജന്റീന പിന്നീട് സമ്മർദ്ദ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.പക്ഷേ അതിനെ തരണം ചെയ്യാൻ അവർക്ക് കഴിഞ്ഞു.പ്രത്യേകിച്ച് ഒരുപിടി യുവസൂപ്പർതാരങ്ങളുടെ മികവിൽ.

വേൾഡ് കപ്പിന് മുന്നേ അത്രയൊന്നും അർജന്റീനയിൽ അവസരങ്ങൾ ലഭിക്കാത്ത മൂന്ന് താരങ്ങൾ വേൾഡ് കപ്പിൽ അർജന്റീനയുടെ അഭിവാജ്യ ഘടകങ്ങളായി മാറുകയായിരുന്നു.ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസ്,കൂടാതെ അലക്സിസ് മാക്ക് ആല്ലിസ്റ്റർ,ജൂലിയൻ ആൽവരസ് എന്നിവരാണ് തകർപ്പൻ പ്രകടനം പുറത്തെടുത്തത്.

ഈ മൂവർ സംഘത്തെ കുറിച്ച് ഇപ്പോൾ അർജന്റീനയുടെ നായകനായ ലയണൽ മെസ്സി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് ഈ മൂന്നുപേരും തന്നെ അതിശയിപ്പിച്ചു കളഞ്ഞു എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അർജന്റീനയുടെ വേൾഡ് കപ്പ് കിരീടം നേട്ടത്തിൽ അടിസ്ഥാന ഘടകങ്ങളായി മാറാൻ ഈ മൂന്നുപേർക്ക് കഴിഞ്ഞുവെന്നും മെസ്സി കൂട്ടിച്ചേർത്തു.ഡയാരിയോ ഒലെയോട് സംസാരിക്കുകയായിരുന്നു മെസ്സി.

‘എൻസോ,അലക്സിസ്,ജൂലിയൻ എന്നിവരുടെ കാര്യങ്ങൾ അതിശയപ്പെടുത്തുന്നതാണ്. വേൾഡ് കപ്പിന് മുന്നേ അർജന്റീനക്ക് വേണ്ടി അധികം ഒന്നും കളിച്ചു പരിചയം ഇല്ലാത്ത താരങ്ങളായിരുന്നു ഇവർ.പക്ഷേ വേൾഡ് കപ്പിൽ അടിസ്ഥാന ഘടകങ്ങളായി മാറാൻ ഈ മൂന്നുപേർക്കും കഴിഞ്ഞു.അത് ഞങ്ങളുടെ ഗ്രൂപ്പ് എന്താണ് എന്നുള്ളതിന്റെ തെളിവാണ്.ഞങ്ങൾ എങ്ങനെയാണ് തയ്യാറെടുക്കുന്നത് എന്നുള്ളതിന്റെ തെളിവാണ്.ഒരു ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങൾ വളരെയധികം ആത്മവിശ്വാസമുള്ളവരായിരുന്നു’ ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പ് അവസാനിച്ചതോടുകൂടി ഈ താരങ്ങളുടെ മൂല്യം വലിയ രൂപത്തിൽ വർദ്ധിച്ചിരുന്നു.121 മില്യൺ യൂറോക്കാണ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ എത്തിയത്.അലക്സിസ് മാക്ക് ആല്ലിസ്റ്ററെ നിരവധി ക്ലബ്ബുകൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിട്ടു നൽകാൻ ബ്രൈറ്റൻ തയ്യാറായിരുന്നില്ല.

Rate this post
Lionel Messi