അർജന്റീന-ഹോളണ്ട് മത്സരത്തിൽ വിവാദങ്ങൾ സൃഷ്‌ടിച്ച റഫറി ഇനി ലോകകപ്പിനുണ്ടാകില്ല |Qatar 2022

അർജന്റീനയും ഹോളണ്ടും തമ്മിൽ നടന്ന ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരം നിയന്ത്രിച്ച സ്‌പാനിഷ്‌ റഫറിയായ മാത്യു ലാഹോസ്‌ ഇനി ഖത്തർ ലോകകപ്പിനുണ്ടാകില്ല. മത്സരത്തിനു ശേഷം ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ അദ്ദേഹത്തെ ബാക്കി മത്സരങ്ങളിൽ നിന്നും ഒഴിവാക്കിയെന്നാണ് സ്‌പാനിഷ്‌ മാധ്യമം കോപ്പേ റിപ്പോർട്ടു ചെയ്യുന്നത്. ഖത്തറിൽ നിന്നും ലാഹോസ്‌ സ്പെയിനിലേക്ക് തിരിച്ചു പോയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇനി നാല് മത്സരങ്ങളാണ് ലോകകപ്പിൽ ബാക്കിയുള്ളത്.

ഒട്ടനവധി വഴിത്തിരിവുകൾ കണ്ട ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം കണ്ടെത്തിയത്. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് അർജന്റീന മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റുകളിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ഹോളണ്ട് സമനില പിടിച്ചെടുത്തു. എക്‌സ്ട്രാ ടൈമിലും മത്സരം സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ രണ്ടു കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ്‌ അർജന്റീന ടീമിനെ രക്ഷിച്ചത്.

മത്സരത്തിനു ശേഷം രൂക്ഷമായ വിമർശനമാണ് അർജന്റീന താരങ്ങൾ റഫറിക്കെതിരെ നടത്തിയത്. ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോലൊരു മത്സരം നിയന്ത്രിക്കാനുള്ള കഴിവ് ലാഹോസിനില്ലെന്നും ഫിഫ ഇത് വിലയിരുത്തണമെന്നും മെസി പറഞ്ഞപ്പോൾ എമിലിയാനോ മാർട്ടിനസ് ഒന്നുകൂടി കടുത്ത വിമർശനമാണ് നടത്തിയത്. ഹോളണ്ടിനെ ഗോളടിപ്പിക്കുക എന്നതായിരുന്നു റഫറിയുടെ ഉദ്ദേശമെന്നും അയാൾ കഴിവു കെട്ടവനാണെന്നും മാർട്ടിനസ് പറഞ്ഞു. ഹോളണ്ട് താരം ഫ്രാങ്കീ ഡി ജോങ്ങും റഫറിയെ വിമർശിച്ചിരുന്നു.

മത്സരത്തിൽ നിരവധി ബുക്കിങ്ങുകൾ ലാഹോസ്‌ നടത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു റെഡ് കാർഡ് ഉൾപ്പെടെ പതിനേഴു കാർഡുകളാണ് അദ്ദേഹം പുറത്തെടുത്തത്. ഇതിൽ ഒമ്പതെണ്ണവും അർജന്റീന താരങ്ങൾക്ക് നേരെയായിരുന്നു. അർജന്റീന പരിശീലകൻ സ്‌കലോണിയും മഞ്ഞക്കാർഡ് നേടി. ഏറ്റവുമധികം കാർഡുകൾ പിറന്ന ലോകകപ്പ് മത്സരം കൂടിയായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ലാഹോസിനെ മറ്റു മത്സരങ്ങൾക്ക് പരിഗണിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ വരുന്നത്.

ലോകകപ്പിൽ ഇനി ലൂസേഴ്‌സ് ഫൈനൽ അടക്കം നാല് മത്സരങ്ങൾ ബാക്കിയുണ്ട്. നാളെ രാത്രി നടക്കാനിരിക്കുന്ന കളിയിൽ അർജന്റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോൾ അതിനടുത്ത ദിവസം ഫ്രാൻസും മൊറോക്കോയും തമ്മിലാണ് സെമി ഫൈനൽ പോരാട്ടം. നേരത്തെയും മെസിക്കെതിരെ വിവാദ തീരുമാനങ്ങൾ എടുത്ത റഫറി ഇനിയുള്ള മത്സരങ്ങൾക്കില്ലാത്തത് അർജന്റീനക്ക് ആശ്വാസമാണ്.

Rate this post