ലയണൽ മെസിയെന്ന അതികായനായ താരമുള്ളതു കൊണ്ടാണ് സമാനമായ പൊസിഷനിൽ കളിക്കുന്ന പൗളോ ഡിബാലക്ക് അർജന്റീന ദേശീയ ടീമിൽ അവസരങ്ങൾ കുറയുന്നത്. എന്നാൽ പരാതികളൊന്നുമില്ലാതെ അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം താരം ടീമിനായി നടത്താൻ ശ്രമിക്കുന്നു. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അത് ലോകമെമ്പാടുമുള്ള ആരാധകർ കണ്ടതാണ്.
അതേസമയം ക്ലബ് തലത്തിൽ മികച്ച പ്രകടനമാണ് ഡിബാല നടത്തുന്നത്. പലർമോയിൽ തുടങ്ങി പിന്നീട് യുവന്റസിന്റെ പ്രധാനപ്പെട്ട താരമായി വളർന്ന ഡിബാല ഇക്കഴിഞ്ഞ സമ്മറിലാണ് മൗറീന്യോ പരിശീലകനായ റോമയിലേക്ക് എത്തുന്നത്. റോമയിലും ഗംഭീര പ്രകടനം നടത്തുന്ന താരം ഈ സീസണിൽ ടീമിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്.
ഇന്നലെ നടന്ന യൂറോപ്പ ലീഗ് മത്സരത്തിലും റോമയെ രക്ഷിച്ചത് ഡിബാലയുടെ കാലുകളാണ്. പകരക്കാരനായി ഇറങ്ങിയ താരം തോൽവിയിലേക്ക് പോവുകയായിരുന്ന റോമക്ക് വേണ്ടി സമനില ഗോൾ നേടുകയും മത്സരത്തിലുടനീളം ഗംഭീരപ്രകടനം നടത്തുകയും ചെയ്തു. താരത്തിന്റെ പ്രകടനത്തെ മുൻ സ്പെയിൻ, ബാഴ്സലോണ താരമായ ഡേവിഡ് വിയ്യ പ്രശംസിക്കുകയും ചെയ്തു.
This Dybala cameo vs Feyenoord… while playing with a bandage on his quad because he just returned from injury…
— Aziz #LefOut (@aziz_zgh) April 21, 2023
What a player 💎❤️
pic.twitter.com/Rjtm9jCFEJ
“ഡിബാല വളരെയധികം പ്രതിഭയുള്ള താരമാണ്. ചില താരങ്ങൾ നന്നായി കളിക്കുന്നവരാണെന്നും അവരെ കാണാൻ വേണ്ടി ആളുകൾ സ്റ്റേഡിയത്തിലേക്ക് പോകുമെന്നും ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. ഡിബാല അതുപോലെയൊരു താരമാണ്. ആരാധകർ ഡിബാലയുടെ കളി കാണാൻ വേണ്ടി കൂടിയാണ് സ്റ്റേഡിയത്തിലേക്ക് പോകുന്നത്, മത്സരം കാണാൻ വേണ്ടി മാത്രമല്ല.” വിയ്യ പറഞ്ഞു.
❗️David Villa to DAZN.” Dybala is a pure talent. I always said there are players that play well and others that go to the stadium to watch that player play. Dybala is one of those. Fans go to the stadium to watch him play, not just for the game.” 🤝🇪🇸🗣️💎 pic.twitter.com/lYpikCquMq
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 20, 2023
ഈ സീസണിൽ ഒൻപതു യൂറോപ്പ ലീഗ് മത്സരങ്ങൾ കളിച്ച താരം നാല് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. സീരി എയിൽ ഇരുപത്തിരണ്ടു മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളും ആറ് അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. ഡിബാലയുടെ മികച്ച പ്രകടനം കൊണ്ട് കൂടിയാണ് റോമ സീരി എയിൽ ടോപ് ഫോറിൽ തുടരുന്നത്.