‘ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ കളികളും ബുദ്ധിമുട്ടുള്ളതും കഠിനവുമാണ്’ : കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടും. കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ പത്തു മത്സരങ്ങളുടെ വിലക്കിന് ശേഷം പരിശീലകൻ ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാവും.കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വെള്ളിയാഴ്ച അദ്ദേഹത്തെ ഊഷ്മളമായ സ്വീകരണത്തോടെ സ്വാഗതം ചെയ്യനൊരുങ്ങുകയാണ്.

ആദ്യ മത്സരത്തിൽ ബെംഗളുരുവിനെതിരെയും രണ്ടാം മത്സരത്തിൽ ജംഷെഡ്പൂറിനെതിരെയും വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നാം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് തോൽവി വഴങ്ങിയിരുന്നു. നാലാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ സമനിലയിൽ തളച്ച ബ്ലാസ്റ്റേഴ്‌സ് നാലു മത്സരങ്ങളിൽ നിന്നായി ഏഴു പോയിന്റുമായി റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ്.സസ്പെൻഷൻ കഴിഞ്ഞ് ടീമിനൊപ്പം ചേരുന്നതിൽ ഇവാൻ വുകൊമാനോവിച്ച് സന്തോഷം പ്രകടിപ്പിച്ചു.

“തിരിച്ചുവരുന്നത് സന്തോഷകരമാണ്, തിരിച്ചുവരാൻ എനിക്ക് കാത്തിരിക്കാനാവില്ല. കളിക്കളത്തിൽ ടീമിനൊപ്പമുള്ളപ്പോൾ ഞാൻ ഏറ്റവും സന്തോഷവാനാണ്, കാരണം അത് എനിക്ക് ഊർജം നൽകുന്നു, ഇവിടെ ഈ സ്റ്റേഡിയത്തിൽ ഒരു പ്രത്യേകതയുണ്ട്” വുകോമാനോവിച്ച് പറഞ്ഞു.”ടീമിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും, ഈ പിച്ചിൽ എല്ലാം നൽകാനും ബാഡ്ജിനായി പോരാടാനും ആരാധകർക്ക് വേണ്ടി കളിക്കാനും ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കും.കാരണം ഞങ്ങൾ ആരാധകർക്ക് വേണ്ടി ഫുട്ബോൾ കളിക്കുന്നത്’ ഇവാൻ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ കളികളും ബുദ്ധിമുട്ടുള്ളതും കഠിനവുമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഇവിടെയെത്തിയതിന് ശേഷം, ഓരോ പോയിന്റിനും വേണ്ടി പോരാടേണ്ടിവരാത്ത ഒരു കളി പോലും ഉണ്ടായിട്ടില്ല. നാളെയും ഇതുതന്നെയായിരിക്കും, വ്യത്യസ്തമായി ഒന്നുമില്ല.” ഒഡീഷ എഫ്‌സിക്കെതിരായ വരാനിരിക്കുന്ന മത്സരത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞകാലത്തെക്കുറിച്ചോർക്കാതെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പണ്ട് എന്ത് സംഭവിച്ചാലും അതവസാനിപ്പിച്ചിരിക്കുന്നു, അത് കഴിഞ്ഞു, പുതിയ സീസൺ ആരംഭിച്ചു. കളിക്കാർ മെച്ചപ്പെടുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജീവിതത്തിലെ പല സന്ദർഭങ്ങളിലും, കഴിഞ്ഞുപോയതിനെക്കുറിച്ചോർത്ത് വിഷമിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞങ്ങൾ ഇപ്പോൾ ഒരു നല്ല എതിരാളിക്കെതിരെ അടുത്ത മത്സരത്തിനായി തയ്യാറെടുക്കുകയാണ്” ഇവാൻ കൂട്ടിച്ചേർത്തു.

Rate this post
Kerala Blasters