അര്‍ജന്റീനയെ കേരളത്തിൽ കളിക്കാൻ ക്ഷണിക്കുന്നത് സംബന്ധിച്ച് നടത്തിയ പ്രതികരണം ചര്‍ച്ച ചെയ്യപ്പെുടുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ താരം ആഷിഖ് കരുണിയൻ.കേരളത്തിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് പോലും പരിശീലന നടത്താനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ ആഷിക്ക് ഫുട്ബോളിന്റെ വികസനത്തിനായി അർജന്റീനയെ കൊണ്ടുവരുന്നതല്ല പകരം അടിസ്ഥാന സൗകര്യമൊരുക്കുകയാണ് ചെയ്യേണ്ടതെന്നും പറഞ്ഞിരുന്നു.
താരത്തെ അനുകൂലിച്ചുകൊണ്ട് പ്രതികൂലിച്ചു കൊണ്ടും ഒരുപാട് പേർ രംഗത്ത് വന്നു.ഇതിൽ ഇപ്പോൾ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ട്. നിലപാടിൽ മാറ്റമില്ല എന്നാണ് ആഷിക്ക് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിട്ടുള്ളത്.താൻ പറഞ്ഞതിൽ ഖേദിക്കുന്നില്ലെന്നും അവ ഹൃദയത്തിൽ നിന്നു വാക്കുകളാണെന്നും ആവശ്യമെങ്കിൽ അതേ രീതിയിൽ വീണ്ടും പറയുമെന്നും താരം പറഞ്ഞു.
”തന്റെ ചെറുപ്പകാലത്ത് അത്ര കഴിവുള്ള ഫുട്ബോള്‍ കളിക്കാരൻ ആയിരുന്നില്ലെന്ന് പറയാൻ ഒരു മടിയുമില്ല.തന്റെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നു. അതുകൊണ്ടാണ് ഈ നിലയിൽ എത്താനായത്. കളിയുടെ തുടക്കകാലത്ത് നാട്ടിൽ തന്നെക്കാള്‍ മികച്ച താരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, സൗകര്യങ്ങളോ പരിശീലനമോ അവസരങ്ങളോ അവര്‍ക്ക് ലഭിച്ചില്ല. അവരിൽ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാതിവഴിയില്‍ അവര്‍ക്ക് സ്പോര്‍ട്സ് ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് മാറേണ്ടി വന്നു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു” ആഷിക്ക് ഫേസ്ബുക്കിൽ ക്കുറിച്ചു.
”മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണം പറഞ്ഞാണ് പലരും പ്രതികരിച്ചത്. ഇ ഗ്രൗണ്ടുകളിൽ മിക്കതിലും ഞാൻ പോയിട്ടുള്ളതിനാൽ എനിക്കറിയാം മലപ്പുറത്ത് നിരവധി ഗ്രൗണ്ടുകൾ ഉണ്ട് എന്നത് . എന്നിരുന്നാലും, ഇതിൽ എത്രയെണ്ണം വർഷം മുഴുവൻ പരിശീലനത്തിന് യോഗ്യമാണ്? ഈ ഗ്രൗണ്ടുകൾ ഒരു ടൂർണമെന്റിനായി തയ്യാറാക്കിയാൽ അതിന് ശേഷം പരിപാലനം ഇല്ലാതെ ചിലപ്പോൾ പറമ്പിൽ പശുക്കൾ വരെ മേയുന്നു. ഇതാണ് യാഥാർത്ഥ്യം” അദ്ദേഹം കൂട്ടിചേർത്തു.
“ലയണൽ മെസ്സി ഇന്ത്യയിൽ ഫുട്ബോൾ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? അതെ. എന്നിരുന്നാലും, മെസ്സി ഇന്ത്യയിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതിനേക്കാൾ എന്റെ സംസ്ഥാനത്തെ കുട്ടികൾ ദേശീയ ടീമിനായി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മികച്ച സൗകര്യങ്ങൾ, മികച്ച കായിക മൈതാനങ്ങൾ, പരിശീലകർക്കും കളിക്കാർക്കും കൂടുതൽ അവസരങ്ങൾ എന്നിവയാണ് അതിനുള്ള ഏറ്റവും നല്ല മാർഗം” ആഷിക്ക് പറഞ്ഞു.