മൗറിഞ്ഞോയല്ല, സാവിയ്ക്ക് പകരം ബാഴ്സ പരിശീലകനായെത്തിക്കാൻ ശ്രമിക്കുക മുൻ താരത്തെ

സ്പാനിഷ് ക്ലബ്‌ എഫ്സി ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാണ് സാവി എന്നതിൽ ആരാധകർക്ക് തർക്കമില്ല. എന്നാൽ ബാഴ്സയിൽ ഇപ്പോൾ സാവി ഔട്ട് ചാന്റുകൾ ഉയരുകയാണ്. കഴിഞ്ഞ സീസണിൽ പരിശീലകനെന്ന നിലയിൽ സൂപ്പർ കോപ്പയും ലാലിഗയും സാവിയുടെ കീഴിൽ ബാഴ്സ സ്വന്തമാക്കിയെങ്കിലും ഈ സീസണിൽ സാവിയുടെ ബാഴ്സ അത്ര മികച്ച ഫോമിലല്ല. സാവി തന്നെ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

നിലവിൽ ലാലിഗയിൽ നാലാം സ്ഥാനത്താണ് ബാഴ്സ. ബദ്ധവൈരികളായ റയലുമായി 4 പോയിന്റ് പിന്നിലാണവർ. കൂടാതെ രണ്ട് ദിവസങ്ങൾക്ക് മുമ്പ് കഴിഞ്ഞ സൂപ്പർ കോപ്പ ഫൈനലിൽ റയലിനോട്‌ ദയനീയമായി പരാജയപ്പെട്ടതും സാവിയ്ക്ക് നേരെ വിരലുകൾ ചൂണ്ടാൻ കാരണമായി.സാവിയുടെ പരിശീലക സ്ഥാനം തെറിക്കുന്നതുമായി ബന്ധപെട്ട് കൊണ്ടുള്ള പല പ്രചാരണങ്ങളും ഇപ്പോൾ ശക്തമാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇറ്റാലിയൻ ക്ലബ്‌ റോമയുമായി വഴി പിരിഞ്ഞ മൗറിഞ്ഞോ സാവിയുടെ പകരക്കാരനായി വരുമെന്നതടക്കമുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്.

എന്നാൽ പ്രമുഖ കായിക വെബ്സൈറ്റായ ഇ സ്പോർട്സിന്റെ അഭിപ്രായപ്രകാരം സാവിയെ ബാഴ്സ പുറത്താക്കുകയാണെങ്കിൽ മൗറിഞ്ഞോയ്ക്കല്ല മറിച്ച് ബാഴ്സയുടെ മുൻ താരമായ തിയാഗോ മൊറ്റയ്ക്കാണ് അടുത്ത ബാഴ്സ പരിശീലകനാവാൻ കൂടുതൽ സാധ്യത എന്നാണ്. നിലവിലെ ബാഴ്സ സ്പോർട്ടിങ് ഡയറക്ടറായ ഡിക്കോയും മൊറ്റയും തമ്മിൽ വളരെ നല്ല ബന്ധമാണ് ഉള്ളതെന്നും അതിനാൽ സാവി പുറത്ത് പോകുകയാണ് എങ്കിൽ മൊറ്റയ്ക്കാണ് കൂടുതൽ സാധ്യത എന്നുമാണ് ഇ സ്പോർട്സിന്റെ അഭിപ്രായം.

2001 മുതൽ 2007 വരെ ബാഴ്സയുടെ സീനിയർ ടീമിനായി കളിച്ച താരം കൂടിയാണ് മൊറ്റ. അത്ലറ്റിക്കോ മാഡ്രിഡ്‌, ഇന്റർമിലാൻ, പിഎസ്ജി തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2018 ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച മൊറ്റ പിന്നീട് പരിശീലകന്റെ വേഷവുമണിഞ്ഞു. നിലവിൽ ഇറ്റാലിയൻ ക്ലബ്‌ ബോലാഗ്നയുടെ പരിശീലകൻ കൂടിയാണ് അദ്ദേഹം.

Rate this post
Fc Barcelona