ചെൽസിയുമായി കരാർ പുതുക്കിയതിൽ നിരാശ, തിയാഗോ സിൽവ യൂറോപ്യൻ ഫുട്ബോൾ മതിയാക്കുന്നു

വമ്പൻ സൈനിംഗുകൾ നടത്തിയെങ്കിലും ഈ സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തിയ ക്ലബാണ് ചെൽസി. ക്ലബിന്റെ റെക്കോർഡ് തിരുത്തിയ രണ്ടു സൈനിംഗുകൾ നടത്തിയെങ്കിലും യൂറോപ്യൻ ടൂർണമെന്റുകൾക്ക് യോഗ്യത നേടാൻ പോലും അവർക്ക് കഴിഞ്ഞില്ല. ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്താതെ താരങ്ങളെ വാങ്ങിക്കൂട്ടിയതു തന്നെയാണ് അവർക്ക് തിരിച്ചടി നൽകിയത്.

ചെൽസിയുടെ ഈയൊരു സമീപനത്തിൽ ടീമിലെ മുതിർന്ന താരമായ തിയാഗോ സിൽവ വളരെയധികം അസംതൃപ്‌തനാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുപ്പത്തിയെട്ടുകാരനായ താരം ഫെബ്രുവരിയിൽ ഒരു വർഷത്തേക്ക് കൂടി ചെൽസിയുമായി കരാർ പുതുക്കിയിരുന്നു. ഈ കരാർ റദ്ദാക്കി ചെൽസി വിടാനാണ് തിയാഗോ സിൽവ ഒരുങ്ങുന്നതെന്ന് ഗ്ലോബ് സ്പോർട്ടെ വെളിപ്പെടുത്തുന്നു.

റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിലാണ് തിയാഗോ സിൽവ ചേക്കേറാൻ തയ്യാറെടുക്കുന്നത്. ബ്രസീലിന്റെ മുൻ റയൽ മാഡ്രിഡ് താരമായ മാഴ്‌സലോ നിലവിൽ ഫ്ലുമിനൻസിന്റെ താരമാണ്. ബ്രസീലിയൻ ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ക്ലബ്ബിലേക്ക് സിൽവയെ എത്തിക്കാൻ അടുത്ത സുഹൃത്തായ മാഴ്‌സലോ തന്നെയാണ് കരുക്കൾ നീക്കുന്നത്.

ബ്രസീലിയൻ ക്ലബിന്റെ പ്രസിഡണ്ടും മുൻ ബ്രസീലിയൻ സ്‌ട്രൈക്കറായ ഫ്രഡും തിയാഗോ സില്വയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. 2009ൽ എസി മിലാനിലേക്ക് ചേക്കേറുന്നതിനു മുൻപേ ബ്രസീലിയൻ ക്ലബിനായി മൂന്നു വർഷത്തോളം കളിച്ച താരമാണ് തിയാഗോ സിൽവ. അതുകൊണ്ടു തന്നെ കരിയറിന്റെ അവസാന സമയത്ത് താരം ഫ്ലുമിനൻസിൽ എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Rate this post