ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബയേൺ മ്യൂണിക്കിൽ നിന്നും മധ്യനിരയിലെ വിസ്മയം തിയാഗോ അൽകാൻട്രയെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ റാഞ്ചിയത്. ഏറെ നാളത്തെ വിലപേശലുകൾക്കൊടുവിലാണ് തിയാഗോയെ ആൻഫീൽഡിൽ എത്തിക്കാൻ ലിവർപൂളിന് സാധിച്ചത്. താരം ലിവർപൂളിന് വേണ്ടി അരങ്ങേറ്റം കുറിക്കുകയും ആ മത്സരത്തിൽ തന്നെ പ്രീമിയർ ലീഗിൽ റെക്കോർഡ് ഇടുകയും ചെയ്തു.
എന്നാൽ ഈ ട്രാൻസ്ഫറിൽ താരം ലിവർപൂളിലേക്ക് എത്തുന്നതിന് മുമ്പ് എഫ്സി ബാഴ്സലോണ താരത്തിന് വേണ്ടി ബയേണിന്റെ വാതിലിൽ മുട്ടിയിരുന്നു. താരത്തെ തിരികെ ബാഴ്സയിൽ തന്നെ എത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു അത്. സാധാരണഗതിയിൽ ഇത്തരം ട്രാൻസ്ഫർ കേസുകളിൽ ക്ലബുകളാണ് തടസ്സം നിൽക്കാറുള്ളതെങ്കിലും ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്. തന്റെ മുൻ ക്ലബ്ബിലേക്ക് ചേക്കേറാൻ തനിക്ക് താല്പര്യമില്ലെന്ന് തിയാഗോ ബാഴ്സയോട് തുറന്നു പറയുകയായിരുന്നു.
പ്രമുഖ മാധ്യമമായ ദി ഗ്വർഡിയനാണ് ഈ വാർത്തയുടെ ഉറവിടം. താരത്തെ തിരികെ ക്യാമ്പ് നൗവിൽ എത്തിക്കാൻ ബാഴ്സ ശ്രമിച്ചുവെങ്കിലും താരത്തെ തൃപ്തിപ്പെടുത്താൻ ബാഴ്സക്ക് കഴിയാതെ പോവുകയായിരുന്നു. താൻ ലിവർപൂൾ തിരഞ്ഞെടുത്തിരിക്കുന്നു എന്ന കാര്യം താരം അന്ന് തന്നെ അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. താരത്തെ തൃപ്തിപ്പെടുത്താനും ബോധ്യപ്പെടുത്താനും ബാഴ്സയേക്കാൾ നന്നായി കഴിഞ്ഞത് ക്ലോപിനായിരുന്നു. ബാഴ്സയിലൂടെ വളർന്ന താരമാണ് തിയാഗോ.
ഏഴ് വർഷം ബയേണിൽ തുടർന്നതിന് ശേഷമാണ് താരം ലിവർപൂളിൽ എത്തിയത്. 2013-ലായിരുന്നു ബാഴ്സയിൽ നിന്ന് താരം ബയേണിൽ എത്തിയത്. അതിന് ശേഷം ഉജ്ജ്വലപ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. കഴിഞ്ഞ ദിവസം ബാഴ്സ വിട്ട അഡമ ട്രവോറയും വിടാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നു. തന്റെ അഭിരുചിക്ക് ഇണങ്ങാത്തതാണ് ബാഴ്സ എന്നാണ് അദ്ദേഹം പറഞ്ഞത്.