ഇത്തവണ ബയേൺ മ്യൂണിക്ക് ലീഗിലും യൂറോപ്പിലും നടത്തിയ അവിസ്മരണീയ കുതിപ്പിന്റെ ചാലകശക്തിയായ മധ്യനിര താരം തിയാഗോ അൽകാൻട്രയെ സ്വന്തമാക്കാൻ ബാഴ്സക്കു താൽപര്യമുണ്ടെങ്കിലും തടസം നിന്ന് പരിശീലകൻ കൂമാൻ. തിയാഗോക്കു പകരം ലിവർപൂൾ താരം വൈനാൾഡത്തെ സ്വന്തമാക്കാനാണ് ബാഴ്സ പരിശീലകൻ ശ്രമിക്കുന്നത് സ്പാനിഷ് മാധ്യമം മുണ്ടോ ഡിപോർടീവോയാണ് റിപ്പോർട്ടു ചെയ്യുന്നത്.
ബയേണുമായി ഇനി ഒരു വർഷത്തെ കരാർ മാത്രമാണ് തിയാഗോക്കുളളത്. മറ്റേതെങ്കിലും ലീഗിലേക്കു ചേക്കേറി പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് തിയാഗോ വ്യക്തമാക്കിയതിനാലാണ് ബാഴ്സ താരത്തിനായി ശ്രമം നടത്തുന്നത്. എന്നാൽ ഡച്ച് ടീമിൽ തന്റെ കീഴിൽ കളിച്ച ലിവർപൂൾ താരത്തെ മതിയെന്നാണ് കൂമാന്റെ നിലപാട്.
വൈനാൾഡത്തെ അപേക്ഷിച്ച് തിയാഗോയെ സ്വന്തമാക്കുക ബാഴ്സക്ക് എളുപ്പമായിരിക്കില്ലെന്നതു സത്യമാണ്. മുപ്പതു മുതൽ നാൽപതു ദശലക്ഷം യൂറോയോളം മാത്രമേ താരത്തിന്റെ ട്രാൻസ്ഫർ ഫീസായി ബയേൺ ആവശ്യപ്പെടുന്നുള്ളു എങ്കിലും പ്രതിഫലമാണ് പ്രശ്നം. ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി ശക്തമായി രംഗത്തുണ്ട്.
കൂമാൻ പരിശീലകനായി സ്ഥാനമേറ്റതോടെ ബാഴ്സലോണയിൽ അഴിച്ചു പണി ആരംഭിച്ചിട്ടുണ്ട്. റാകിറ്റിച്ച് സെവിയ്യയിലേക്കു ചേക്കേറിയതിനു പുറമേ വിദാൽ, സുവാരസ് എന്നിവരും പുറത്തു പോകാൻ ഒരുങ്ങുകയാണ്. ഇതിനു പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കറ്റലൻ ക്ലബ്.