കൊവിഡ് രോഗമുക്തി സ്ഥിരീകരിച്ചതിനു ശേഷം കളിക്കളത്തിലേക്കു തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ ഇരട്ടഗോളുകൾ നേടാൻ കഴിഞ്ഞതിന്റെ ആവേശം പങ്കുവെച്ച് സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ. ഇന്നലെ നടന്ന സീരി എ മത്സരത്തിൽ സ്പെസിയക്കെതിരെ പരക്കാരനായിറങ്ങി ഇരട്ട ഗോളുകൾ നേടി യുവൻറസിനെ വിജയത്തിലേക്കു നയിക്കാൻ റൊണാൾഡോക്കു കഴിഞ്ഞിരുന്നു.
കൊവിഡ് നെഗറ്റീവായി രണ്ടു ദിവസത്തിനകം തന്നെ മികച്ച പ്രകടനം നടത്തിയത് താരം നടത്തിയ കഠിനാധ്വാനം വ്യക്തമാക്കുന്നതാണ്. കളിക്കളത്തിലേക്കു തിരിച്ചെത്താൻ താരം എത്രത്തോളം ആഗ്രഹിച്ചുവെന്നും അതിനു വേണ്ടിയുള്ള പ്രയത്നവുമാണ് ഇതു തെളിയിക്കുന്നത്. മത്സരത്തിനു ശേഷം സ്കൈ സ്പോർട്സിനോടു സംസാരിക്കുമ്പോഴാണ് റൊണാൾഡോ തന്റെ ആവേശം പ്രകടിപ്പിച്ചത്.
“യാതൊരു മാറ്റവും എനിക്കു സംഭവിച്ചിട്ടില്ല. എനിക്കു യാതൊരു രോഗലക്ഷണവുമില്ലായിരുന്നു, ഞാൻ സുഖമായിരിക്കുകയും ചെയ്യുന്നു. ഇപ്പോൾ ഞാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫുട്ബോൾ കളിക്കുകയെന്നതു ചെയ്യുന്നു.”
“സീരി എ വളരെയധികം മത്സരം നിറഞ്ഞ ലീഗാണ്. മിലാൻ, ലാസിയോ, നാപോളി ടീമുകളെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ട്. ഞങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. പക്ഷേ, ടീം മുന്നേറി വരികയാണ്.” റൊണാൾഡോ പറഞ്ഞു.
ബാഴ്സക്കെതിരായ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്ന് പിസിആർ പരിശോധനക്കെതിരെ നടത്തിയ വിമർശനങ്ങളെക്കുറിച്ച് താരം പ്രതികരിക്കാൻ തയ്യാറായില്ല. അതേക്കുറിച്ചുള്ള ചോദ്യത്തിന് ”റൊണാൾഡോ മടങ്ങിയെത്തി, അതാണ് ഏറ്റവും പ്രധാനപ്പെട്ടത്” എന്നാണു താരം പ്രതികരിച്ചത്.