അതേ, ഒരിക്കൽ കൂടി ആ വിശ്വരൂപം രക്ഷകനായി അവതരിച്ചു. റെക്കോർഡ് നേട്ടത്തോടെ തന്റെ 178 ആം ചാമ്പ്യൻസ് ലീഗ് മത്സരം പൂർത്തിയാക്കിയ റൊണാഡോ ഇന്നലെയും അവസാനനിമിഷത്തിൽ ടീമിന്റെ നിർണായകഗോളിൽ പങ്കാളിയായി. സ്പാനിഷ് ഗോൾ കീപ്പർ ഇക്കർ കസിയസ് ന്റെ നേട്ടം മറികടന്നാണ് കൂടുതൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച വ്യക്തി എന്ന ബഹുമതി ക്രിസ്റ്റ്യാനോയെ തേടി എത്തുന്നത്. എന്നാൽ ഈ മത്സരം ഓൾഡ് ട്രാഫൊർഡിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിച്ച ഒന്നാക്കി മാറ്റാൻ റൊണാൾഡോയ്ക്ക് സാധിച്ചു.
അധിക സമയത്തിന്റെ അവസാന നിമിഷത്തിൽ ആയിരുന്നു റൊണാൾഡോയുടെ വിജയഗോൾ പിറന്നത്. ഇതോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച വ്യക്തി എന്ന പട്ടവും അദ്ദേഹം ഊട്ടിയുറപ്പിച്ചു.ക്രിസ്റ്റ്യാനോ അല്ലാതെ മറ്റാര്, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ , ഏറ്റവും കൂടുതൽ ഗോളുകൾ , അസിസ്റ്റുകൾ , ഏറ്റവും കൂടുതൽ കിരീടങ്ങൾ, അതേ അക്ഷരം തെറ്റാതെ വിളിക്കാം മിസ്റ്റർ ചാമ്പ്യൻസ് ലീഗ് എന്ന്. ഇതിനെല്ലാം പുറമെ എണ്ണിയാൽ തീരാത്ത ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ എല്ലാം ക്രിസ്റ്റ്യാനോയുടെ പേരിലാണെന്ന് പറഞ്ഞാൽ ഒരു പക്ഷെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയെന്നു വരും. ഇന്നലെ വിയ്യറയലിനെതിരെ സ്കോർ ചെയ്തതോടെ ഏറ്റവും കൂടുതൽ ടീമുകൾക്കെതിരെ ഗോൾ നേടിയ വ്യക്തി എന്ന റെക്കോർഡും അദ്ദേഹത്തെ തേടിയെത്തി.
റൊണാൾഡോയുടെ അവസാന നിമിഷ വിജയഗോളുകൾ ഇതിനു മുൻപും നാം ഒരുപാട് കണ്ടതാണ്. എന്നാൽ കൂടുതൽ തിരിച്ചടികളും അദ്ദേഹം കൊടുത്തിട്ടുള്ളത് ചാമ്പ്യൻസ് ലീഗ് ടീമുകൾക്ക് എതിരെയാണ്. അവസാനം കളിച്ച രാജ്യാന്തര മത്സരത്തിൽ അയർലന്റിനെതിരെ ഇന്റർനാഷണൽ റെക്കോർഡോടെ ടീമിന്റെ രക്ഷകനായി റൊണാൾഡോ അവതരിച്ചത് നാം ആവശത്തോടെ നോക്കി നിന്നു. ഒരു പെനാൽറ്റി കിട്ടി അത് പാഴാക്കിയ ശേഷമാണ് അവസാന നിമിഷത്തെ രണ്ടു ഗോളുകളോടെ ക്രിസ്റ്റ്യാനോ ആരാധകരുടെ മനം കവർന്നത്. ഇത് പോലെ സ്വീഡനെതിരെയും , ഈജിപ്ത് നെതിരെയും , സ്പെയിനെതിരെയുമെല്ലാം റൊണാൾഡോ മാജിക് ആവർത്തിച്ചത് നാം കണ്ടതാണ്.
ക്ലബ് തലത്തിൽ നോക്കുമ്പോൾ തന്നെ റയൽമാഡ്രിഡിൽ ക്രിസ്റ്റ്യാനോ നടത്തിയ തിരിച്ചു വരവെല്ലാം ലോകപ്രശസ്തമാണ്. എന്നാൽ ഇതിലധികവും ചാമ്പ്യൻസ് ലീഗിൽ തന്നെയാണ്. ഒന്നാം പാദ മത്സരത്തിൽ തന്റെ ടീം എത്ര ഗോളുകൾക്ക് തോറ്റു നിൽക്കുകയാണെങ്കിൽ പോലും രണ്ടാം പാദമത്സരത്തിൽ മുറിവേറ്റ പാമ്പിന്റെ വീര്യത്തോടെ റൊണാൾഡോ തിരിച്ചടിക്കുന്നത് എതിരാളികളെ ഭയപ്പെടുത്തി. ഇതിൽ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡും ജർമെൻ കരുത്തരായ ബയേൺ മ്യൂണിച്ചും ,വുൾഫ്ബർഗുമെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഹരമേറ്റവരാണ്.
റയൽ മാഡ്രിഡിൽ മാത്രമല്ല, ഇറ്റാലിയൻ ക്ലബായ യുവന്റസിൽ കളിക്കുമ്പോഴും,പണ്ട് യുണൈറ്റഡിൽ കളിച്ചിരുന്നപ്പോഴുമെല്ലാം താൻ നടത്തിയ തിരിച്ചു വരവുകൾ മൈതാനം കണ്ടതാണ്. ഇന്നലെ വീണ്ടും യുണൈറ്റഡ് ന്റെ കുപ്പായത്തിൽ അദ്ദേഹം ഗോൾ നേടുമ്പോൾ അത് അവരെ യൂറോപ്പ ലീഗ് ഫൈനലിൽ തോൽപ്പിച്ച ശേഷം കളിയാക്കി വിളിച്ച എല്ലാവർക്കുമെതിരെയായിരുന്നു. ഏറെ ദിവസമായി പതറിനിന്ന യുണൈറ്റഡ് റൊണാൾഡോ യുടെ ചിറകിലേറി പറക്കുന്ന കാഴ്ചക്കാണ് ഇന്നലെ ഫുട്ബോൾ ലോകം സാക്ഷിയായത്. എതിരാളികൾക്ക് കളിയാക്കാം കല്ലെറിയാം, എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെ തകർക്കാൻ മാത്രം സാധിക്കില്ല. റെക്കോർഡുകൾ കൊണ്ടും തിരിച്ചു വരവുകൾ കൊണ്ടും റൊണാൾഡോ തന്റെ ആരാധകരെ അമ്പരപ്പിക്കുമ്പോൾ യു.സി.എൽ എന്നത് തീർത്തും യുവേഫ ക്രിസ്റ്റ്യാനോ ലീഗ് ആക്കി മാറ്റുകയാണ് ആ മനുഷ്യൻ.