പ്രീമിയർ ലീഗിൽ തിരിച്ചു വരവുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വെല്ലാൻ ആരുമില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാനും നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ് ഭീമൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ കുറച്ചു സീസണായി കിരീടം എന്നത് ഒരു സ്വപനമായി അവശേഷിക്കുന്നുണ്ടെങ്കിലും അതിനൊരു മാറ്റം ഈ സീസണിൽ വരുത്താനുള്ള ഉദ്ദേശത്തിലാണ് സോൾഷ്യറും രണ്ടാം വരവിലുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനെതിരെ പിന്നിൽ നിന്നും കയറി വന്നു ജയിച്ചതോടെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ വീണ്ടെടുത്ത ടീമായി യുണൈറ്റഡ് മാറി.2020-21 സീസണിന്റെ തുടക്കം മുതൽ അവർ മൊത്തം 35 പോയിന്റുകൾ വീണ്ടെടുത്തു, ഇത് മറ്റ് ടീമുകൾ നേടിയതിന്റെ ഇരട്ടിയാണ്. ഈ സീസണിൽ പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങൾ കളിച്ച യുണൈറ്റഡ് 4 ജയവും ഒരു സമനിലയുമായി 13 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

നഷ്ടപ്പെട്ട സ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ടീമുകളുടെ പട്ടികയിൽ, ലിവർപൂൾ, ലെസ്റ്റർ സിറ്റി, വെസ്റ്റ് ഹാം യുണൈറ്റഡ്, വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് തുടങ്ങിയ ടീമുകൾക്ക് മുകളിലാണ് യുണൈറ്റഡ്. സർ അലക്സ് ഫെർഗൂസൺ കാലം മുതൽ ഒലെ ഗുന്നാർ സോൾസ്‌ജെയർ ടീമിന്റെ പരിശീലകനായിരുന്നപ്പോൾ വരെ യുണൈറ്റഡ് അവരുടെ വീണ്ടെടുക്കൽ കഴിവുകൾക്ക് പേരുകേട്ടതാണ്. മറ്റു ടീമുകളെ അപേക്ഷിച് പലപ്പോഴും ടീം പിന്നിട്ടു നിൽക്കുമ്പോഴാണ് യുണൈറ്റഡിന്റെ ശക്തി കൂടുന്നതെന്നു പറയപ്പെടുന്നു.കഴിഞ്ഞ ഏഴ് സീസണുകൾ വെച്ച് നോക്കുമ്പോൾ ഇത്രയധികം പോയിന്റുകൾ നേടുകൾ ഒരു പ്രീമിയർ ലീഗ് ക്ലബ്ബിനും സാധിച്ചിട്ടില്ല.

ഇന്നലെ വെസ്റ്റ് ഹാമിനെതിരെയുള്ള മത്സരത്തിൽ മുപ്പതാം മിനിറ്റിൽ സെയ്ദ് ബെൻറഹ്മ ഗോൾ നേടിയപ്പോൾ യുണൈറ്റഡ് മത്സരത്തിൽ പിന്നിലായി. എന്നാൽ സൂപ്പർ താരം റൊണാൾഡോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. 89-ാം മിനുട്ടിൽ 28-കാരനായ ജെസ്സി ലിൻഗാർഡ് നേടിയ ഗോൾ യുണൈറ്റഡ് വിജയം പിടിച്ചടക്കുകയായിരുന്നു. അതിനിടയിൽ വെസ്റ്റ് ഹാമിന്‌ അനുകൂലമായി ലഭിച്ച പെനാൽറ്റി ഡേവിഡ് ഡി ഗിയ തടുത്തിടുകയും ചെയ്തു.സെപ്റ്റംബർ 23 ന് കരബാവോ കപ്പിന്റെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും വെസ്റ്റ് ഹാമിനെ നേരിടും.

പുതിയ സീസണിൽ പലതും തെളിയിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ് യുണൈറ്റഡും സോൾഷ്യറും. സൂപ്പർ താരം റൊണാൾഡോ ,സാഞ്ചോ ഡിഫൻഡർ വരാനെ എന്നിവരെ കൊണ്ട് ടീം കൂടുതൽ ശക്തിപ്പെടുത്തി യുണൈറ്റഡ് ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിൽ തോൽവി പിണഞ്ഞെങ്കിലും പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ തന്നെയാണ് യുണൈറ്റഡ്. റൊണാൾഡോ തുടർച്ചയായ മത്സരങ്ങളിൽ ഗോൾ കണ്ടെത്തുന്നത് യുണൈറ്റഡ് വിജയങ്ങളിൽ നിർണായകമാവുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അയൽക്കാരായ മാഞ്ചസ്റ്റർ സിറ്റിക്കും ,ചെൽസിക്കും , ലിവർപൂളിനും കനത്ത വെല്ലുവിളി ഉയർത്താൻ തന്നെയാണ് യുണൈറ്റഡ് ശ്രമം . പഴയ ചരിത്രം പറഞ്ഞു നടക്കുന്നവരിൽ നിന്നും വരുന്ന സീസണുകളിൽ പുതിയ ചരിത്രം എഴുതാനുള്ള ഒരുക്കത്തിലാണ് റെഡ് ഡെവിൾസ്.

Rate this post
Manchester United